ഹൈദരാബാദ്: നികുതി ദായകരുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാൻ വേണ്ടി ആദായ നികുതി വകുപ്പ് തയ്യാറാക്കിയ പാൻ കാർഡ് രാജ്യത്തെ ആദായ നികുതി അടയ്ക്കുന്ന ഓരോ വ്യക്തിക്കും സ്ഥാപനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്‍റേയോ വരുമാനം ആദായനികുതിയുടെ പരിധിക്കുള്ളിലാണെങ്കിൽ അവർ നികുതി ഇടപാടുകൾക്ക് നിർബന്ധമായും പാൻ കാർഡ് ഉപയോഗിക്കേണ്ടതുണ്ട്. ഇതുവരെ പാൻ ഇല്ലാത്തവർക്ക് സൗജന്യമായി തൽക്ഷണം ഇ-പാൻ കാർഡ് സ്വന്തമാക്കാനാവും. ഈ തൽക്ഷണ ഇ-പാൻ ആർക്കൊക്കെ സൗജന്യമായി ലഭ്യമാണെന്നും അതിന് എങ്ങനെ അപേക്ഷിക്കാമെന്നും നമുക്ക് നോക്കാം.
ഇതുവരെ പാൻ ഇല്ലാത്ത മുതിർന്ന വ്യക്തിഗത നികുതിദായകർക്ക് മാത്രമേ സൗജന്യ ഇ-പാൻ ആനുകൂല്യം ലഭിക്കൂ. ഇ-പാൻ ഒരു ഡിജിറ്റൽ പാൻ കാർഡ് മാത്രമാണ്. ഫിസിക്കൽ പാൻ കാർഡ് ലഭിക്കണമെങ്കിൽ നിങ്ങൾക്ക് പണമടച്ച് അപേക്ഷ സമർപ്പിച്ചതിന് ശേഷം 15 ദിവസത്തോളം കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഇ-പാൻ കാർഡ് ഞൊടിയിടയിൽ ലഭ്യമാവും.
ഇ-പാൻ കാർഡുകൾ ഡിജിറ്റലായി ഫോണിൽ സൂക്ഷിക്കാനും പ്രിന്‍റ് എടുത്ത് ഉപയോഗിക്കാനും സാധിക്കും. ഫിസിക്കൽ പാൻ കാർഡ് ലഭിക്കണമെങ്കിൽ എൻഎസ്‌ഡിഎൽ അല്ലെങ്കിൽ UTIITSL വെബ്സൈറ്റ് വഴി ഫീസ് നൽകി അപേക്ഷിക്കേണ്ടതുണ്ട്.
ഇ-പാൻ എങ്ങനെ അപേക്ഷിക്കാം:
സ്റ്റെപ് 1: ആദായ നികുതി വകുപ്പിന്‍റെ ഇ-ഫയലിങിനുള്ള ഔദ്യോഗിക വെബ്‌സൈറ്റായ ഇ-ഫയലിങ് പോർട്ടൽ പേജ് സന്ദർശിച്ച് ക്വിക്ക് ലിങ്ക് വിഭാഗത്തിലെ ഇൻസ്റ്റന്‍റ് ഇ-പാൻ (Instant E-PAN) എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
സ്റ്റെപ് 2: ചെക്ക് സ്റ്റാറ്റസ്/ ഡൗൺലോഡ് പാൻ (check status/ download) എന്നതിന് താഴെയുള്ള 'Continue' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. ശേഷം Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡ് ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി എന്‍റര്‍ ചെയ്‌ത ശേഷം Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: സ്ക്രീനിൽ ഇ-പാൻ കാണാനാകും. ഡൗൺലോഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ലഭ്യമാകുന്ന ഇ-പാൻ കാർഡ് ഫോണിൽ സൂക്ഷിക്കാം.
Also Read: ആധാർ കാർഡ് പുതുക്കൽ: അവസാന തിയതി സെപ്റ്റംബർ 14ന്; ആരൊക്കെ പുതുക്കണം?