ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് വിദേശ യാത്ര നടത്താൻ ഉദ്ദേശിക്കുന്നവര്‍ക്ക് ആദ്യം കൈവശം ഉണ്ടായിരിക്കേണ്ട രേഖയാണ് പാസ്‌പോര്‍ട്ട്. പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ട രീതി നോക്കാം...
പാസ്‌പോർട്ടിന്‍റെ വിവിധ തരങ്ങൾ :
ഇന്ത്യയിൽ രണ്ട് തരത്തിലുള്ള പാസ്പോർട്ടുകളാണ് പൗരന്മാർക്ക് നൽകുന്നത്. ഒന്ന് സാധാരണ പാസ്‌പോര്‍ട്ടും മറ്റൊന്ന് തത്കാലുമാണ്.
ഘട്ടം 1- രജിസ്ട്രേഷൻ :
പാസ്‌പോർട്ട് ഇന്ത്യ ഗവൺമെന്‍റ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുക. ഫലത്തിൽ https://www.passportindia.gov.in എന്ന സൈറ്റ് ദൃശ്യമാകും. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ https://www.passportindia.gov.in/AppOnlineProject/welcomeLink# എന്ന സൈറ്റിന്‍റെ പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.
തുടർന്ന് പുതിയ ഉപയോക്താവിന്‍റെ രജിസ്ട്രേഷൻ ഫോമിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുത്ത് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്‍റെ ഓഫിസ് തെരഞ്ഞെടുക്കുക. തുടർന്ന് പേരും വിലാസവും പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
ഘട്ടം 2- അപേക്ഷ :
രജിസ്ട്രേഷൻ പൂർത്തിയായാല്‍, പ്രക്രിയ പൂർത്തിയായതായി ഇമെയില്‍ സന്ദേശം ലഭിക്കും. ഇമെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ച് ലോഗിൻ ചെയ്യാം. നിങ്ങള്‍ക്കുള്ള യൂസര്‍ ഐഡി മെയിലില്‍ ലഭിച്ചിരിക്കും. യൂസർ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്‌താല്‍ ഹോംപേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും. ലോഗിൻ ചെയ്‌ത് കഴിഞ്ഞാൽ, Apply for fresh passport എന്നതില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി ഒരു ഫോം ദൃശ്യമാകും. എല്ലാ വിശദാംശങ്ങളും ഇവിടെ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം.
ഫീസ് :
ഓൺലൈൻ മോഡ് വഴിയോ യുപിഐ ട്രാൻസ്‌ഫർ വഴിയോ പണം അടയ്ക്കാൻ കഴിയും. സാധാരണ പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ 1500 രൂപ മാത്രം നൽകണം. അതിനായി നിങ്ങൾ ഫോം 36 തെരഞ്ഞെടുക്കണം, തത്കാൽ പാസ്‌പോർട്ടിനായി ഫോം 60 തെരഞ്ഞെടുക്കുന്നതിന് നിങ്ങൾ 2,000 രൂപ ഫീസായി നൽകണം.
ഘട്ടം 3 : അഭിമുഖം
ഓണ്‍ലൈന്‍ പ്രക്രിയകളെല്ലാം പൂർത്തിയാക്കിയ ശേഷം അഭിമുഖത്തിനായി നിയുക്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ അഭിമുഖത്തിനുള്ള സൗകര്യമുണ്ട്. ഏറ്റവും അടുത്തുള്ള പാസ്‌പോർട്ട് സേവന കേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്. അപേക്ഷ നടപടികൾ പൂർത്തിയായാല്‍ ഒരാഴ്‌ചയ്ക്കുള്ളിൽ അഭിമുഖത്തിനുള്ള അവസരം ലഭിക്കും.
അഭിമുഖത്തിന് ആവശ്യമായ രേഖകൾ :
ഇന്‍റർവ്യൂവിന് പോകുമ്പോൾ മൂന്ന് പ്രധാന രേഖകൾ കൂടെ കൊണ്ടുപോകണം. ഓൺലൈനായി അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്‌ത രേഖകൾ, ആധാർ കാർഡ്, പാൻ കാർഡ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയാണ് കൂടെ കരുതേണ്ടത്.
ജനുവരി 1 മുതൽ പാസ്‌പോർട്ട് അപേക്ഷ പ്രക്രിയയ്ക്കായി ഇന്ത്യ ഗവൺമെന്‍റ് ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ അഭിമുഖത്തിനായി അധികനേരം കാത്തിരിക്കേണ്ടതില്ല.
ഘട്ടം 4- വെരിഫിക്കേഷന്‍ :
അവസാന ഘട്ടമായ പൊലീസ് വെരിഫിക്കേഷനാണ് മറ്റൊരു പ്രക്രിയ. ഐഡന്‍റിറ്റി പരിശോധിക്കുന്നതിനും അപേക്ഷകന്‍റെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്നതിനും ലോക്കൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അപേക്ഷകന്‍റെ താമസ സ്ഥലത്ത് എത്തും. ഈ ഘട്ടം കൂടി പൂർത്തിയായാല്‍ നിങ്ങൾക്ക് പാസ്‌പോർട്ട് ലഭിക്കും. നിങ്ങളുടെ വിലാസത്തിൽ തപാൽ മാര്‍ഗം പാസ്‌പോര്‍ട്ട് കയ്യിലെത്തും.
Also Read : ബോൺസായ് ഭാഗ്യമോ, ദോഷമോ ?: അമ്പരപ്പിക്കുന്ന കുള്ളന്‍ മരങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥ.... - WORLD BONSAI DAY