ഐഫോണുകളിലെ അലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്നത് പലരെയും ബുദ്ധിമുട്ടിലാക്കുകയാണിപ്പോൾ. കൃത്യ സമയത്ത് ഉണരാനായി അലാറം വയ്ക്കുമെങ്കിലും ഒരിക്കലും അതിന് സാധിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. പലപ്പോഴും അലാറം വച്ച് ആക്‌ടിവേറ്റാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചാലും ഈ ഐഫോണുകള്‍ കൃത്യമായി യാതൊരു ശബ്‌ദവും പുറപ്പെടുവിക്കാറില്ല.
ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഓണ്‍ലൈന്‍ വഴി ഇക്കാര്യം കമ്പനിയോട് പരാതിപ്പെട്ടിട്ടുണ്ട്.
ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു. കൃത്യസമയത്ത് ഉണരാന്‍ മറ്റ് പല മാര്‍ഗങ്ങളും തേടാനും പലരും നിര്‍ബന്ധിതരാകുന്നതായാണ് വിവരം.
അതേസമയം പ്രശ്‌നത്തില്‍ ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായൊരു പ്രസ്‌താവനയും പുറപ്പെടുവിച്ചിട്ടില്ല. 'അറ്റന്‍ഷന്‍ അവയര്‍നെസ്' ഫീച്ചറാണ് ഇക്കാര്യത്തില്‍ വില്ലനെന്നാണ് അഭ്യൂഹങ്ങൾ. ഉപയോക്താക്കളുടെ ഉപയോഗരീതി അനുസരിച്ച് ഫോണിന്‍റെ പ്രവര്‍ത്തനങ്ങൾ തനിയെ ക്രമീകരിക്കുന്ന സംവിധാനമാണിത്. ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്‌താല്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം.
എന്നാല്‍ പലരും ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാന്‍ മടിക്കുന്നുണ്ട്. തങ്ങളുടെ ഫോണിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ഇത് ബാധിക്കുമെന്നവര്‍ കരുതുന്നു. ഇതിന് പുറമെ ഇങ്ങനെ ചെയ്‌താലും പൂര്‍ണമായും അലാം പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടില്ലെന്നും ഇവര്‍ കരുതുന്നു.
ആപ്പിളില്‍ നിന്ന് തന്നെ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. എങ്കിലും ഐഫോണുകളിലെ അലാം സംവിധാനത്തിന്‍റെ വിശ്വസ്‌തത ചോദ്യചിഹ്‌നമാകുന്നതോടൊപ്പം ഉപയോക്താക്കളുടെ അസ്വസ്ഥകളും വര്‍ധിക്കുകയുമാണ്.