വാഷിങ്‌ടൺ: ഇന്ത്യയുടെ എഐ മേഖലയുടെ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയെ മാറ്റുന്നതിലാണ് മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്ത്യയിലെ ജനങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പര്യവേക്ഷണം ചെയ്യുകയാണെന്നും സുന്ദർ പിച്ചൈ. ഇന്നലെ (സെപ്‌റ്റംബർ 23) ന്യൂയോർക്കിൽ നടന്ന ചർച്ചയിൽ മോദിയുമായി സംവദിച്ച ശേഷം തൻ്റെ കാഴ്‌ചപ്പാടുകൾ പങ്കിടുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ:
ഇന്ത്യയിൽ എഐ മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ തങ്ങളെ പ്രേരിപ്പിച്ചത് ഡിജിറ്റൽ ഇന്ത്യ കാഴ്‌ചപ്പാട് ആണെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ഗൂഗിളിന്‍റെ പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ അഭിമാനിക്കുന്നതായും പിച്ചൈ. എഐ മേഖലയിൽ ഗൂഗിൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. കൂടുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായി പിച്ചൈ കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ, ഡാറ്റ സെൻ്ററുകൾ, ഊർജ്ജം എന്നീ മേഖലകൾക്കും പ്രാധാന്യം നൽകും. എഐ മേഖലയിൽ കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഗൂഗിൾ സിഇഒ പറഞ്ഞു.
നിലവിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവരുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയിൽ ഗൂഗിൾ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. രാജ്യത്ത് എഐ സൃഷ്‌ടിക്കാൻ പോകുന്ന അവസരങ്ങളെ കുറിച്ച് മോദിക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ടെന്നും പിച്ചൈ പറഞ്ഞു.
പ്രമുഖ ടെക് കമ്പനികളുമായി ചർച്ച നടത്തി:
മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ ടെക് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ ജനങ്ങൾക്ക് ഉപകാരമാകും വിധം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ പ്രയോജനപ്പെടുത്താൻ ചർച്ചയിൽ മോദി ആവശ്യപ്പെട്ടു.
ആഗോള സാങ്കേതികവിദ്യയുടെ ഇന്ത്യ വളർന്നുവരുന്നതായി ചർച്ചയിൽ മോദി പറഞ്ഞു. അർദ്ധചാലകം, ഇലക്ട്രോണിക്‌സ്, തൊഴിൽ എന്നീ മേഖലകളിലെ രാജ്യത്തിൻ്റെ മുന്നേറ്റം മോദി എടുത്തുപറഞ്ഞു. രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് 150 ബില്യൺ ഡോളറിലധികം മൂല്യമുണ്ട്. 2030 ഓടെ 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു. ഇത് 6 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനിടയാക്കും.