ന്യൂഡൽഹി: ഗൂഗിളിന്‍റെ എഐ അസിസ്‌റ്റന്‍റ് ജെമിനി ഇനി മലയാളത്തിലും ലഭ്യമാകും. മലയാളം ഉള്‍പ്പെടെ ഒന്‍പത് പ്രാദേശിക ഭാഷകളില്‍ ജെമിനി ആക്‌സസ് ചെയ്യാന്‍ സാധിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മോഡലുകളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ചൊവ്വാഴ്‌ചയാണ് ഗൂഗിൾ തങ്ങളുടെ എഐ അസിസ്‌റ്റൻ്റ് ജെമിനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഇംഗ്ലീഷിനു പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഒമ്പത് ഭാഷകളിലും ഇനി മുതല്‍ ജമനിയുടെ സേവനം ലഭ്യമാകും. തങ്ങൾ ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാൻസ്‌ഡിലേക്കും മറ്റ് പുതിയ സവിശേഷതകളിലേക്കും ചേർക്കുന്നതായി ഗൂഗിൾ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒ സുന്ദർ പിച്ചൈ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
ഇന്ത്യയിലെ ജെമിനി അഡ്വാൻസ്‌ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒമ്പത് ഭാഷകളിൽ അതിൻ്റെ ഏറ്റവും നൂതന മോഡലായ ജെമിനി 1.5 പ്രോയുടെ പവർ ആക്‌സസ് ചെയ്യാൻ കഴിയും. തങ്ങൾ ജെമിനി അഡ്വാൻസ്‌ഡില്‍ പുതിയ ഡാറ്റാ വിശകലന ശേഷികളും ഫയൽ അപ്‌ലോഡുകളും പോലെയുള്ള നവീനമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്നതായി ജെമിനി എൻജിനീയറിങ് വൈസ് പ്രസിഡൻ്റ് അമർ സുബ്രഹ്മണ്യ പറഞ്ഞു. ഇംഗ്ലീഷിൽ ഗൂഗിൾ മെസേജിലൂടെ ജെമിനിയുമായി ചാറ്റ് ചെയ്യാനുള്ള സേവനവും ആരംഭിക്കുന്നുവെന്നും അമർ പറഞ്ഞു. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളില്‍ ഗൂഗിളില്‍ നിന്ന് നേരിട്ട് ജെമിനി ആക്‌സസ് ലഭ്യമാകും.