ജയ്‌പൂർ : റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിനുമുന്നോടിയായി വ്യാഴാഴ്‌ച ജയ്‌പൂരിലെ ഹവാ മഹലിൽ സന്ദർശനം നടത്തും (Emmanuel Macron To Visit Hawa Mahal). ഇരുവരും യു പി ഐ ഉപയോഗിച്ചാണ് ഹവാ മഹലിൽ ഇടപാടുകൾ നടത്തുക. മാക്രോൺ ഉച്ചയ്ക്ക് ശേഷം രാജസ്ഥാന്‍റെ തലസ്ഥാനത്ത് എത്തിയ ശേഷം ആംബർ കോട്ടയിലേക്ക് പോകും.
ആംബർ ഫോർട്ടിൽ മാക്രോണിന് സാംസ്‌കാരിക സ്വീകരണം നൽകുകയും കോട്ടയിലെ ദിവാൻ-ഇ-ഖാസിൽ പ്രാദേശിക കലകളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം അദ്ദേഹം ജന്തർ മന്തറിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെവച്ച് ഫ്രഞ്ച് പ്രസിഡന്‍റിനെ അഭിവാദ്യം ചെയ്യും. അതിനുശേഷം ഇരുവരും ഹവാ മഹലിൽ സന്ദർശനം നടത്തുകയും അവിടെയുള്ള പ്രാദേശിക കടകളിൽ ഷോപ്പിംഗ് നടത്തുകയും ചെയ്യും.
യു പി ഐ വഴിയായിരിക്കും ഇടപാടുകൾ നടത്തുക. ഹവാ മഹൽ സന്ദർശനത്തിന് ശേഷം രാംബാഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയൊരുക്കിയ അത്താഴവിരുന്നിൽ മാക്രോൺ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സന്ദർശനത്തിന് മുന്നോടിയായി പിങ്ക് നഗരമായ ജയ്‌പൂരിൽ ഇരുവരുടെയും പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സന്ദർശനത്തിന് ശേഷം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി മാക്രോൺ ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാണ് അദ്ദേഹം. ഇന്ത്യ-ഫ്രാൻസ് സ്ട്രാറ്റജിക് പാർട്‌ണർഷിപ്പിന്‍റെ 25-ാം വാർഷിക ആഘോഷങ്ങൾക്കാണ് മാക്രോണിന്‍റെ സന്ദർശനം. റിപ്പബ്ലിക് ദിന പരേഡിലും ഫ്ലൈപാസ്റ്റിലും ഇന്ത്യൻ സൈനികർക്കും വൈമാനികർക്കും ഒപ്പം ഫ്രഞ്ച് സായുധ സേനാ സംഘവും പങ്കെടുക്കും. 'മാക്രോൺ ആംബർ കോട്ടയിൽ പര്യടനം നടത്തും, കരകൗശല വിദഗ്‌ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി സംവദിക്കും. അതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കും. രണ്ട് നേതാക്കളും ഒരുമിച്ച് ജന്തർ മന്തർ ഉൾപ്പടെ, പിങ്ക് സിറ്റിയിലെ ചില പ്രധാന ഇടങ്ങള്‍ സന്ദർശിക്കും' - ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.