പാരിസ്: എല്ലാവരുടെയും ജോലികള്‍ ഭാവിയില്‍ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഇല്ലാതാക്കിയേക്കുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. വരുന്ന കാലങ്ങളില്‍ എല്ലാ ജോലികളും എഐ ഏറ്റെടുത്തേക്കാം. ഇതിലൂടെ പലര്‍ക്കും ജോലി നഷ്‌ടമാകാൻ സാധ്യതകള്‍ ഏറെയാണെന്നും കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യരേക്കാള്‍ നന്നായി ജോലി ചെയ്യാൻ തുടങ്ങിയാല്‍ പിന്നീട് ആളുകളുടെ ജീവിതത്തിന് എന്ത് അര്‍ഥം ആയിരിക്കും ഉണ്ടാകുകയെന്നും വിവ ടെക് ഇവൻ്റിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു.
'ലോകത്തിന് എന്താണോ ആവശ്യം അതെല്ലാം എഐ റോബോട്ടുകള്‍ ചെയ്യാൻ പോകുന്ന കാലമാണ് ഭാവിയില്‍ വരാൻ ഇരിക്കുന്നത്. ഇങ്ങനെയൊരു കാലം എന്തായാലും ഉണ്ടാകും. എന്നാല്‍, അത് എപ്പോള്‍ സംഭവിക്കുമെന്ന കാര്യം പറയാൻ സാധിക്കില്ലെന്ന് മാത്രം.
നമുക്ക് എല്ലാവര്‍ക്കും ജോലികള്‍ ചെയ്യാൻ താല്‍പര്യം ഉണ്ടെങ്കില്‍ അതൊരു ഹോബി പോലെയാകും ഭാവിയില്‍ ചെയ്യേണ്ടി വരിക. എഐ ഈ ലോകത്തെ തന്നെ കീഴടക്കുന്നതായിരിക്കും'- എലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. എഐയും റോബോട്ടുകളും നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുന്ന സാഹചര്യം വിജയിക്കണമെങ്കില്‍ സാർവത്രിക ഉയർന്ന വരുമാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഐയുടെ കഴിവുകൾ അതിവേഗം പുരോഗമിച്ചിട്ടുണ്ടെന്നും റെഗുലേറ്റർമാരും കമ്പനികളും ഉപയോക്താക്കളും സാങ്കേതിക വിദ്യയെ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തെയും മസ്‌ക് എഐയെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്‌ച നടന്ന തൻ്റെ മുഖ്യപ്രഭാഷണത്തിനിടെ, സാങ്കേതികവിദ്യയെ തൻ്റെ ഏറ്റവും വലിയ ഭയമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ALSO READ: ഡ്രൈവിങ് ടെസ്‌റ്റിലെ 'ഗുജറാത്ത് മോഡല്‍'; ടെസ്‌റ്റുകൾ ഇനി എഐ നിയന്ത്രിക്കും