ന്യൂഡല്‍ഹി : ചെറുകിട കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ട്രാക്‌ടര്‍ വികസിപ്പിച്ച് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച് സെന്‍ട്രല്‍ മെക്കാനിക്കല്‍ എൻജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CSIR-CMERI). ഒതുക്കമുള്ളതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതുമാണ് തങ്ങള്‍ വികസിപ്പിച്ച ട്രാക്‌ടര്‍ എന്ന് ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇക്വിറ്റി എംപവര്‍മെന്‍റ് ആന്‍ഡ് ഡെലവപ്‌മെന്‍റ് (SEED), ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (DST) എന്നിവയുമായി ചേര്‍ന്നാണ് സിഎസ്‌ഐആര്‍ ട്രാക്‌ടര്‍ വികസിപ്പിച്ചത്.
എട്ട് ഫോര്‍വേഡും രണ്ട് റിവേഴ്‌സ് സ്‌പീഡും ഉള്ള ഒമ്പത് എച്ച്‌പി ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ട്രാക്‌ടര്‍ വികസിപ്പിച്ചിരിക്കുന്നത്. 540 ആര്‍പിഎമ്മില്‍ ആറ് സ്‌പ്ലൈനുകളുള്ള പിടിഒയും ഈ ട്രാക്‌ടറിന്‍റെ പ്രത്യേകതയാണ്. 450 കിലോഗ്രാം ആണ് ആകെ ഭാരം.
രാജ്യത്തെ 80 ശതമാനത്തിലധികം കര്‍ഷകരും ചെറുകിട കര്‍ഷകരാണ്. അവരില്‍ വലിയൊരു വിഭാഗം കര്‍ഷകരും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ ഉപയോഗിക്കുന്നു. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. വരുമാനക്കുറവിനിടെ കന്നുകാലികളുടെ പരിപാലന ചെലവ് കൂടിയാകുമ്പോള്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഫലം.
കാളകളെ ഉപയോഗിച്ചുള്ള കലപ്പകള്‍ക്ക് പകരം പവര്‍ ടില്ലറുകള്‍ ഉണ്ടെങ്കിലും ഇവയുടെ വിലയും മറ്റ് ചെലവുകളും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ശാസ്‌ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. തങ്ങളുടെ ഉപകരണത്തിന്‍റെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി പ്രാദേശിക കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ചും CSIR-CMERI ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് കൂടി ഈ ഉപകരണം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
റാഞ്ചി ആസ്ഥാനമായുള്ള ചെറുകിട സംഭകര്‍ പ്രസ്‌തുത ട്രാക്‌ടര്‍ വന്‍തോതില്‍ നിര്‍മിക്കുന്നതിനായി പ്ലാന്‍റ് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചതായി ശാസ്‌ത്ര മന്ത്രാലയം അറിയിച്ചിയിട്ടുണ്ട്. നിര്‍മിക്കുന്ന ട്രാക്‌ടറുകള്‍ വിവിധ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡറുകള്‍ വഴി സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ അവര്‍ പദ്ധതിയിടുന്നതായും മന്ത്രാലയം വ്യക്തമാക്കി.