തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അന്തരീക്ഷത്തിലെ നേരിയ വ്യത്യാസങ്ങള്‍ പോലുമളക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (CSIR) കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (NIIST). സോളാര്‍ സഹായത്തോടെ സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന എന്‍ഐഐഎസ്‌ടി തദ്ദേശീയമായി വികസിപ്പിച്ചതാണ്.
താപനില, മര്‍ദം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, വൊളെറ്റൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്, എയര്‍ ക്വാളിറ്റി എന്നീ നിരീക്ഷിക്കാനുള്ള സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എന്‍ഐഐഎസ്‌ടിയിലെ ശാസ്ത്രജ്ഞന്‍ ഡോ.റിബിന്‍ ജോസ് അറിയിച്ചു. ചെറിയ തോതിലുള്ള സൂര്യപ്രകാശത്തില്‍ നിന്നും സ്വയം ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സംവിധാനത്തിലാകും ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുക.
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപകരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥാപിച്ചു. നിലവില്‍ വിമാനത്താവളത്തിന്‍റെ സ്‌ക്രീനില്‍ തത്സമയം പ്രദേശത്തെ അന്തരീക്ഷത്തില്‍ നിന്നുള്ള നിരീക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത് ഭാവില്‍ യാത്രക്കാരുടെ മൊബൈലില്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കും. ഡൈ-സെന്‍സിറ്റൈസ്‌ഡ് സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം എംബെഡിറ്റ് എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമെന്നും ഡോ.റിബിന്‍ വ്യക്തമാക്കി.
ഇതിന്‍റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ പലപ്പോഴും വിമാനത്താവളങ്ങളില്‍ വന്‍ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ ഇതു മുന്‍കൂട്ടി കാണുമെന്നും ഡോ.റിബിന്‍ ജോസ് പറയുന്നു.
Also Read: തെളിഞ്ഞ ആകാശത്തിലും വിമാനങ്ങൾ ആടിയുലയാൻ കാരണമെന്ത്?; അറിയാം വിശദമായി