ഹൈദരാബാദ്: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(സിഇആർടി-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയത്. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷ തകരാറുകൾ ഉള്ളതായാണ് കണ്ടെത്തിയിരുന്നത്. പിഴവുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ കഴിയുന്ന തരത്തിലാണെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്‌മാർട്ട്‌ഫോണിലും ലാപ്‌ടോപ്പിലും ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആൻഡ്രോയ്‌ഡ് 15, 14, 13, 12, 12L എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലാണ് പിഴവുകൾ കണ്ടത്. ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം ആയതിനാലും, ഏറ്റവും ജനപ്രിയമായ ഇൻ്റർനെറ്റ് ബ്രൗസർ ഗൂഗിൾ ക്രോം ആയതിനാലും ദശലക്ഷക്കണക്കിന് ഉപകരണങ്ങളെ ബാധിക്കുന്ന വിഷയമാണ് ഇത്.
അതിനാൽ തന്നെ പിഴവുകളെ ഉയർന്ന തീവ്രതയുള്ള പ്രശ്‌നമായാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണക്കാക്കുന്നത്. ആൻഡ്രോയ്‌ഡ് സിസ്റ്റത്തിൽ നിന്ന് അനിയന്ത്രിതമായ കോഡുകൾ എക്‌സിക്യൂട്ട് ചെയ്യാൻ സാധിക്കുന്നത് വഴി ഹാക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താനാകും.
സൈബർ സുരക്ഷയ്‌ക്കായി എന്തുചെയ്യണം?
ഗൂഗിൾ ഇതിനകം തന്നെ സുരക്ഷാ വീഴ്‌ചകൾ പരിഹരിച്ചിട്ടുണ്ട്. പിഴവുകൾ പരിഹരിച്ചു കൊണ്ടുള്ള പുതിയ അപ്‌ഡേഷൻ ഗൂഗിൾ ക്രോമിൽ ലഭ്യമാണ്. നിങ്ങളുടെ ഉപകരണത്തിന്‍റെ അപകടസാധ്യത തടയാൻ ഗൂഗിൾ ക്രോമിന്‍റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. ഗൂഗിൾ ക്രോമിന്‍റെ 129.0.6668.70 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി ഗൂഗിൾ ക്രോമിന്‍റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇനി ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ 'സെറ്റിങ്‌സ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് 'എബൗട്ട് ക്രോ' ഓപ്‌ഷനിൽ പോയി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.