ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിർമിത ബുദ്ധി (Artificial intelligence) ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ (Central government against social media platforms on the misuse of Artificial Intelligence). തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്‌ക്ക് വെല്ലുവിളിയാകുന്ന തരത്തിൽ പക്ഷപാതമോ വിവേചനമോ സൃഷ്‌ടിക്കുന്നതിന് ഇടനിലക്കാർ അനുവദിക്കരുതെന്നും, രാജ്യത്ത് നിർമിത ബുദ്ധി മോഡൽ (AI Model) ആരംഭിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. 2021 ലെ പുതിയ ഐടി ചട്ടങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇടനിലക്കാരും വീഴ്‌ച വരുത്തുന്നതായി ഐടി മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar) പറഞ്ഞു.
പുതിയ മാർഗനിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്താനും, 15 ദിവസത്തിനകം ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി. അടുത്തിടെ ജെമിനിയെന്ന പേരിൽ ഗൂഗിൾ പുതിയ മോഡൽ അനുവദിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എഐ മോഡലുകളുടെ കാര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും പരീക്ഷണ ഘട്ടത്തിലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ ഇടനിലക്കാർ എഐ പ്ലാറ്റ്‌ഫോമുകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മോഡലുകൾ ആരംഭിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണം. കൂടാതെ എഐ മോഡലുകളും സോഫ്‌റ്റ്‌വെയറുകളും തെറ്റുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ, ഇത് ഉപയോക്താക്കളെ അറിയിക്കണം. ഇതുവഴി ഉപയോക്താക്കൾ അവയുടെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരീക്ഷണ ഘട്ടത്തിലുള്ള വിശ്വസനീയമല്ലാത്ത എഐ മോഡലുകളുടെ ഇന്ത്യയിലെ ലഭ്യതയും ഉപയോഗവും സർക്കാരിന്‍റെ അനുമതിയോടെ ആയിരിക്കണമെന്നാണ് നിർദേശം. ഔട്ട്‌പുട്ടിൽ ഉണ്ടാകാനിടയുള്ള പിഴവുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനായി പോപ്പ്അപ്പ് സംവിധാനം ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഇത് പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇടനിലക്കാർക്കും ഐടി ആക്‌ടിലെ നിയമങ്ങൾ പ്രകാരം ശിക്ഷ നൽകുമെന്നും ഐടി മന്ത്രാലയം അറിയിച്ചു.
Also read: ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് 'ജെമിനി എഐ'; പുതിയ മോഡലുമായി ഗൂഗിള്‍