ന്യൂഡൽഹി: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവയ്‌പ്പുമായി ഇന്ത്യ. ഐഎസ്‌ആർഒയുടെ വിവിധ ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ചാന്ദ്രയാൻ-4, ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ മിഷൻ, എൻജിഎൽവി ദൗത്യം, ഗഗൻയാനിന്‍റെ അടുത്ത ഘട്ടം എന്നീ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം നൽകിയത്.
ചാന്ദ്രയാൻ-4:
ചന്ദ്രനിലെ കല്ലും മണ്ണും ഭൂമിയിലെത്തിച്ച് വിശകലനം ചെയ്യാനുള്ള ചാന്ദ്രയാൻ 4 ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. 2104.06 കോടിയാണ് ചാന്ദ്രയാൻ 4 ദൗത്യത്തിന് ആവശ്യമായ ഫണ്ട്. 36 മാസത്തിനുള്ളിൽ ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ പേടകങ്ങളുടെ വികസനവും വിക്ഷേപണവും നിർവഹിക്കുന്നത് ഐഎസ്ആർഒ ആയിരിക്കും.
എൻജിഎൽവി ദൗത്യം:
ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ വിക്ഷേപിക്കാൻ പദ്ധതിയിടുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) വികസിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ബഹിരാകാശ മേഖലയിൽ വരും തലമുറകളിൽ ഉണ്ടാകാനിടയുള്ള ആവശ്യങ്ങളെ മുൻനിർത്തിയാണ് എൻജിഎൽവിയുടെ നിർമാണം.
പിഎസ്‌എൽവി, ജിഎസ്‌എൽവി എന്നീ റോക്കറ്റുകളേക്കാൾ ചെലവ് കുറഞ്ഞതും, എളുപ്പത്തിലുള്ള നിർമാണം, പുനരുപയോഗിക്കാനുള്ള സൗകര്യം ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് എൻജിഎൽവി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. 2040-ഓടെ ഇന്ത്യക്കാർ ചന്ദ്രനിൽ കാലുകുത്തുമെന്നാണ് പറയുന്നത്. ഇതിലേക്കുള്ള സുപ്രധാന ചുവടുവെയ്‌പ്പായിരിക്കും എൻജിഎൽവിയുടെ നിർമാണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബഹിരാകാശത്തേക്കും മോഡുലാർ ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനങ്ങളിലേക്കും കുറഞ്ഞ ചെലവിൽ പ്രവേശനം സാധ്യമാക്കുന്നതും, പുനരുപയോഗക്ഷമത ഉള്ളതും, ഉയർന്ന പേലോഡ് ശേഷി ഉള്ളതുമായിരിക്കും എൻജിഎൽവി. നിലവിൽ പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം3, എസ്എസ്എൽവി എന്നിവയ്‌ക്ക് ലോ എർത്ത് ഓർബിറ്റിലേക്ക് പരമാവധി 10 ടണും, ജിയോ-സിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിലേക്ക് (GTO) പരമാവധി 4 ടണ്ണും വരെ ശേഷിയുള്ള ഉപകരണങ്ങൾ മാത്രമേ വിക്ഷേപിക്കാനാകൂ. ഭാവിയിൽ ഉയർന്ന പേലോഡ് ശേഷിയുള്ള പേടകം ആവശ്യം വന്നേക്കാം. അതിനാലാണ് ലോ എർത്ത് ഓർബിറ്റിലേക്ക് പരമാവധി 30 ടൺ വരെ ശേഷിയുള്ള ഉപകരണങ്ങൾ വിക്ഷേപിക്കാനാകുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിക്കുന്നത്.
എൻജിഎൽവി പദ്ധതി ഇന്ത്യൻ വ്യവസായികളുടെ പങ്കാളിത്തത്തോടെ ആയിരിക്കും നടപ്പാക്കുക. ഇതിനായി ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ നിക്ഷേപം നടത്തിയേക്കും. 8240.00 കോടി രൂപയാണ് എൻജിഎൽവി പദ്ധതിക്കായി കണക്കാക്കുന്ന ചെലവ്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നതായിരിക്കും എൻജിഎൽവി പദ്ധതി.
ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ സ്ഥാപിക്കുക, ബഹിരാകാശ ദൗത്യങ്ങൾ സഫലമാക്കുക, ലോ എർത്ത് ഓർബിറ്റിലേക്കുള്ള ആശയവിനിമയം, ഭൗമ നിരീക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങൾ സാധ്യമാക്കുന്നതാകും എൻജിഎൽവി പദ്ധതി.
വീനസ് ഓർബിറ്റർ മിഷനും അംഗീകാരം:
ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിൽ സുപ്രധാന ചുവടുവെയ്‌പ്പായിരിക്കും വീനസ് ഓർബിറ്റർ മിഷൻ. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹമായ ശുക്രൻ, ഭൂമിക്ക് സമാനമായ രീതിയിൽ രൂപപ്പെട്ടതാണെന്നും ഒരുകാലത്ത് വാസയോഗ്യമായിരുന്നുവെന്നും ആണ് വിശ്വസിക്കപ്പെടുന്നത്. വീനസ് ഓർബിറ്റർ മിഷൻ യാഥാർത്ഥ്യമാകുന്നതോടെ ശുക്രനിലെ ഗ്രഹ പരിതസ്ഥിതികൾ ഭൂമിയിൽ നിന്ന് എങ്ങനെ വ്യത്യസ്‌തമായി പരിണമിക്കുമെന്ന് മനസിലാക്കാൻ സാധിക്കും.
ശുക്രൻ്റെ പരിവർത്തനത്തിൻ്റെ അടിസ്ഥാന കാരണങ്ങളും വീനസ് ഓർബിറ്റർ മിഷനിലൂടെ മനസിലാക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.2028 മാർച്ചിൽ ദൗത്യം പൂർത്തിയാക്കാനാകും. 1236 കോടി രൂപയാണ് ഇതിനായി കണക്കാക്കുന്ന ചെലവ്. ഉയർന്ന പേലോഡ് ശേഷിയും ഒപ്റ്റിമൽ, ഓർബിറ്റ് ഇൻസേർഷൻ തുടങ്ങിയ സവിശേഷതകളോടെയാവും മിഷൻ പൂർത്തിയാക്കുന്നത്.