ന്യൂഡൽഹി : വിപണിയിൽ തരംഗമുണ്ടാക്കിക്കൊണ്ടാണ് ആപ്പിൾ കമ്പനി ഓരോ വർഷവും തങ്ങളുടെ പുതിയ ഉത്പന്നങ്ങള് പുറത്തിറക്കുന്നത്. അതിനാലാണ് വില കൂടുതലാണെങ്കിലും ആവശ്യക്കാർ അവരുടെ ഡിവൈസുകൾക്കായി തിരക്കുകൂട്ടുന്നത്. എന്നാൽ ഈയിടെയായി ആപ്പിളിന്റെ ഫോൺ വിപണി മാന്ദ്യത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പുതുമയില്ലായ്മയാണ് ഐഫോൺ വിപണി മന്ദഗതിയിലാകാൻ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഇക്കാര്യം തിരിച്ചറിഞ്ഞ് ഉത്പന്ന ശ്രേണിയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് ആപ്പിളിപ്പോൾ. കഴിഞ്ഞ മോഡലിൽ സി ടൈപ്പ് യുഎസ്ബി ചാർജിങ് കൊണ്ടുവന്നതടക്കം പല മാറ്റങ്ങളും വന്നു. എന്നാൽ ഇതുകൊണ്ടൊന്നും വലിയ ചലനം ഉണ്ടാകാതായതോടെ ആവനാഴിയിലെ പുതിയ അസ്ത്രമായി ഫോൾഡബിൾ ഫോണുകൾ (മടക്കാവുന്ന ഫോൺ) പുറത്തെടുക്കാനൊരുങ്ങുകയാണ് ആപ്പിൾ എന്നാണ് സൂചന (Apple Working on Foldable i Phone).
ആപ്പിൾ, മടക്കാവുന്ന ഐഫോണിനുള്ള പരീക്ഷണം തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇതുവരെ ഫോൺ പുറത്തിറക്കാനായിട്ടില്ല. രണ്ട് സ്ക്രീനുള്ള ഫോണുകളാണ് ആപ്പിളിന്റെ മനസ്സിൽ എന്നാണ് ടെക് വിദഗ്ധർ നൽകുന്ന സൂചന. ആപ്പിൾ എൻജിനീയർമാർ വർഷങ്ങളായി ഇതിനുള്ള പണിപ്പുരയിലാണ്. എന്നാൽ നിലവിലെ ഐഫോണുകളുടെ അതേ കനത്തിൽ തന്നെ ഫോൾഡബിൾ ഫോൺ ഇറക്കാനുള്ള ആപ്പിളിന്റെ നിർബന്ധ ബുദ്ധിയാണ് തിരിച്ചടിയാകുന്നത്.
ബാറ്ററിയും ഡിസ്പ്ലേയും അടക്കമുള്ളവ കൂടി വരുമ്പോൾ കമ്പനി ഉദ്ദേശിക്കുന്ന കനത്തിലേക്ക് ഫോണുകൾ വരുന്നില്ല. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് കനം കുറയ്ക്കുമ്പോൾ അവയ്ക്ക് ബലമില്ലാതാകുന്നതാണ് എൻജിനീയർമാർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും റിപ്പോർട്ടുണ്ട്.
Also Read: 'മടക്കി നിവർത്താൻ' വൺ പ്ലസ്, ഫോൾഡബിൾ ഫോൺ ഇന്ന് അവതരിപ്പിക്കും; വിലയും സവിശേഷതകളും അറിയാം
നിലവിൽ സാംസങ് അടക്കമുള്ള കമ്പനികളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ നേരിടുന്ന വെല്ലുവിളി അവ നിവർത്തുമ്പോൾ മധ്യഭാഗത്ത് കാണപ്പെടുന്ന നേരിയ വളവാണ്. ഇത് ഒഴിവാക്കാനുള്ള പരിശ്രമത്തിലായിരുന്നു ആപ്പിൾ എൻജിനീയർമാർ. ഫോൺ നിവർത്തുമ്പോൾ മധ്യഭാഗം അപാകതകളില്ലാതെ പരന്നിരിക്കാനുള്ള പരീക്ഷണങ്ങളിലാണ് ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരു മടക്കാവുന്ന ഐപാഡും ആപ്പിളിന്റെ പണിപ്പുരയിലുണ്ടെന്നാണ് റിപ്പോർട്ട്. 8 ഇഞ്ച് ഡിസ്പ്ലേയുള്ള പുതിയ ഐപാഡ് മിനിയുടെ അതേ വലിപ്പം തന്നെയാകും ഇതിനെന്നാണ് സൂചന.