കൊല്ലം: കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്‌ത ക്ഷേത്രത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി കൊന്നു കറിവച്ച സംഭവത്തില്‍ മൂന്നു ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. കൊല്‍ക്കത്ത സ്വദേശികളായ സാഫില്‍, ബസറി, ഇവരോടൊപ്പം ഉണ്ടായിരുന്ന പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. കുളത്തുപ്പുഴയിലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിന്‍റെ ഭാഗമായി സ്വകാര്യവ്യക്തിയുടെ വസ്‌തു വാടകയ്ക്ക് എടുത്ത് കച്ചവടം നടത്തുന്നവരാണ് പിടിയിലായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു. ആറിന് സമീപത്ത് ഇവരുടെ സാന്നിധ്യം മനസിലാക്കിയ നാട്ടുകാരില്‍ ചിലര്‍ മീന്‍ പിടിക്കാന്‍ പാടില്ലന്ന മുന്നറിയിപ്പ് നല്‍കിയതായും പറയുന്നു. ഇത് അവഗണിച്ചാണ് പ്രതികള്‍ തിരുമക്കളെ പിടികൂടുകയും കൊന്നു കറിയാക്കുകയും ചെയ്‌തത്.
മീനുകളെ പിടികൂടുകയും അവയെ കൊന്നു കറിയാക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കസ്‌റ്റഡിയില്‍ എടുത്ത മൂവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി അനീഷ് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍ പിടിക്കുന്നത് ജില്ലാ കലക്‌ടര്‍ ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെനിന്നുമാണ് ധര്‍മ്മശാസ്‌താവിനോളം പ്രാധാന്യമുള്ള തിരുമക്കളെ പ്രതികള്‍ പിടികൂടിയത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നൂറുകണക്കിന് വിശ്വാസികളാണ് വിവിധ ഇടങ്ങളില്‍ നിന്നുമായി ഇവിടെ എത്താറുള്ളത്.
ALSO READ : പൂട്ട് തകർത്ത് ക്ഷേത്രത്തിൽ മോഷണം ; ആറ് പവൻ വരുന്ന സ്വർണാഭരണങ്ങളും പണവും കവര്‍ന്നു