തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്‍റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളെ അടിച്ച് കൊലപ്പെടുത്തി സഹോദരങ്ങള്‍. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (32) മരിച്ചത്. ഇന്ന് (ഓഗസ്‌റ്റ് 16) പുലർച്ചെയാണ് സംഭവം.
ബീമാപ്പള്ളി കടപ്പുറത്ത് വച്ച് സഹോദരങ്ങളായ ഇനാസ്, ഇനാദ് എന്നിവരാണ് ഷിബിലിയെ അടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ മറ്റൊരു റൗഡി സംഘത്തിലെ അംഗങ്ങളാണെന്നാണ് വിവരം. ബീമാപളളി മുസ്‌ലീം ജമാഅത്ത് സെക്രട്ടറിയെ ആക്രമിച്ച കേസില്‍ പൂന്തുറ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അറസ്‌റ്റിലായി ജയിലിലായിരുന്ന ഷിബിലി കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്.
ഷിബിലിയും സഹോദരന്മാരും ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് റൗഡി സംഘങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സംഭവ ദിവസം രാത്രി ഇവര്‍ തമ്മില്‍ തര്‍ക്കം നടന്ന ശേഷം പിരിഞ്ഞു പോയി. തുടര്‍ന്ന് രാത്രി 12 മണിയോടെ തിരിച്ചെത്തിയ സംഘം പൂന്തുറ കടപ്പുറത്തുവച്ച് വീണ്ടും തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
കല്ലും മരക്കഷണങ്ങളും ഉപയോഗിച്ചാണ് സഹോദരന്മാര്‍ ഷിബിലിയെ മര്‍ദിച്ചത്. ആക്രമണത്തില്‍ തലയ്ക്കും വാരിയെല്ലിനും മാരകമായി പരിക്കേറ്റ ഷിബിലി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷിബിലി ഒരു ഡസനോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ പേരിലും നിരവധി ക്രിമിനല്‍ കേസുകളുണ്ട്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
ചെറിയൊരിടവേളയ്ക്ക് ശേഷം പൂന്തുറ, വലിയതുറ, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും ലഹരിമാഫിയ സംഘങ്ങള്‍ സജീവമാകുന്നതിന്‍റെ സൂചനയാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൂന്തുറ പൊലീസ് അറിയിച്ചു.
Also Read: തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു