പത്തനംതിട്ട : മാരാമൺ റിസോർട്ട് ബാറിന്‍റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം മർദിക്കുകയും, സൈക്കിൾ ചെയിൻ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്‌റ്റ് ചെയ്‌തു. തോട്ടപ്പുഴശേരി പുലൂർ വീട്ടിൽ നിന്നും എബി അൽഫോൺസ് (30), ചിറയിറമ്പ് മേച്ചിറ എന്ന സ്ഥലത്ത് മേച്ചിറയിൽ വീട്ടിൽ ഷെറിൻ ജോയ് (34), കുറിയന്നൂർ കുഴിമണ്ണിൽ സെബാൻ എന്നുവിളിക്കുന്ന സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്‌ച വൈകിട്ട് 7 മണിക്ക് ശേഷം ബാറിന്‍റെ പാർക്കിങ് സ്ഥലത്തുവച്ചാണ് സംഭവം. സുഹൃത്തുക്കളായ നാരങ്ങാനം നോർത്ത് അഞ്ചുതോട് കുഴിത്തടത്തിൽ അരുൺ (25), റോഷൻ, അനൂപ് എന്നിവർക്കാണ് ക്രൂരമർദമേറ്റത്. റോഷനെയും അനൂപിനെയും ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിച്ചപ്പോഴാണ് അരുണിനെ സൈക്കിൾ ചെയിനും സോഡാ കുപ്പിയും കൊണ്ട് പ്രതികൾ ആക്രമിച്ചത്.
ഇരുതോളുകളിലും മുതുകിലും സൈക്കിൾ ചെയിൻ കൊണ്ട് അടിക്കുകയും, സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയുമായിരുന്നു. മൂവരെയും തല്ലിച്ചതച്ച ആക്രമികളിൽ നിന്നും രക്ഷപ്പെടാനായി ഇവർ കാറിൽ കയറിയപ്പോൾ കാറിന്‍റെ കണ്ണാടി പ്രതികൾ അടിച്ചുപൊട്ടിച്ചു. അരുണിന്‍റെ തലയ്ക്കും വലതുകൈ വിരലുകൾക്കും ആഴത്തിൽ മുറിവേറ്റു.
തുടർന്ന് ഇയാൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയെ വരയന്നൂർ നിന്നും രണ്ടാം പ്രതിയെ മേച്ചിറ നിന്നും പിടികൂടിയപ്പോൾ, മൂന്നാം പ്രതിയെ കുറിയന്നൂർ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതികളുടെ തലയിലും കൈകളിലും മറ്റും പരിക്കുപറ്റിയ പാടുകൾ കണ്ടെത്തി.
ഇവ സംഘർഷത്തിനിടെ സംഭവിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് ശാസ്‌ത്രീയ അന്വേഷണസംഘം സംഭവസ്ഥലവും കാറും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കൂടുതൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച മാരകായുധങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
Also Read : നിലക്കൽ ബേസ് ക്യാമ്പിലെ മോഷണം; 3 യുവാക്കള്‍ അറസ്‌റ്റില്‍ - NILAKKAL THEFT CASE ARREST