പത്തനംതിട്ട: റാന്നിയിൽ ബീവറേജസ് കോർപറേഷന് മുന്നിൽ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പാടിയാണ് (24) കൊല്ലപ്പെട്ടത്. കഴിഞ്ഞ് ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് സമീപം യുവാക്കളുടെ ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കവും സംഘര്‍ഷവുമുണ്ടായി. ഇതിന്‍റെ തുടർച്ചയായാണ് മന്ദമരുതിയിൽ വച്ച് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ബീവറേജസ് കോർപ്പറേഷന് സമീപം നടന്ന വാക്കേറ്റത്തിനും സംഘർഷത്തിനും ശേഷം മടങ്ങിപ്പോയ ഇരു സംഘങ്ങളും പിന്നീട് രണ്ട് കാറുകളിലായി മന്ദമരുതിയില്‍ എത്തുകയായിരുന്നു. അമ്പാടി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എതിർ സംഘം കാർ അതിവേഗം മുന്നോട്ടെടുത്ത് അമ്പാടിയെ ഇടിച്ച് തെറിപ്പിച്ചു. നിലത്ത് വീണ അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാർ റിവേഴ്‌സ് എടുത്ത് വീണ്ടും യുവാവിൻ്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം അക്രമി സംഘം കടന്നു കളഞ്ഞു. ഗുരുതര പരിക്കേറ്റ് അമ്പാടിയെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്പാടിയുടെ രണ്ട് സഹോദരന്മാരും ഒരു സുഹ്യത്തുമാണ് ഒപ്പമുണ്ടായിരുന്നത്. ആദ്യം സ്വാഭാവിക വാഹനാപകടമായാണ് അധികൃതർ കരുതിയിരുന്നത്. അമ്പാടിക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ ബീവറേജസിന് സമീപം നടന്ന വാക്കു തര്‍ക്കത്തിൻ്റെ വിവരം അറിയിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
റാന്നിയിൽ നടന്ന സംഘർഷത്തില്‍ മർദനമേറ്റതിൻ്റെ പാടുകളും അമ്പാടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവ സമയം ഇരു സംഘങ്ങളും മദ്യ ലഹരിയിലായിരുന്നു. റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അമ്പാടിയെ ഇടിച്ചിട്ട വാഹനം ഓടിച്ചത് അരവിന്ദ് എന്ന ആൾ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇയാൾക്കും ഒപ്പമുണ്ടായിരുന്ന അജോയ്, ശ്രീക്കുട്ടൻ എന്നിവർക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.