മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് പിടികൂടിയ അരക്കിലോയോളം എംഡിഎംഎ ചലച്ചിത്ര നടിമാർക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. 510 ഗ്രാം എംഡിഎംഎയാണ് കടവ് ഹോട്ടലിൻ്റെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് പിടികൂടിയത്. ഒമാനില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും ഏത് നടിക്കുവേണ്ടിയാണെന്ന് അറിയില്ലെന്നും പിടിയിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് പൊലീസിന് മൊഴി നല്‍കി.
ഏതൊക്കെ നടിമാരാണെന്ന് തനിക്കറിയില്ലെന്നും ജിതിൻ എന്ന് പേരുള്ളയാളാണ് തന്നെ വിളിച്ചതെന്നുമാണ് മുഹമ്മദ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിസ്‌മസ് പുതുവത്സര സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് ലഹരി വസ്‌തുക്കള്‍ ധാരാളമായി എത്തുന്നതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വിദേശത്തുനിന്നും ലഹരി വസ്‌തുക്കള്‍ എത്തുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതായും പിടിയിലായ മുഹമ്മദ് ഷെഫീഖിൻ്റെ മൊഴിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് മലപ്പുറം എസ്‌പി ആര്‍ വിശ്വനാഥ് പറഞ്ഞു. ഇതിന് പിന്നില്‍ ഏത് സഘമാണ് ഉള്ളതെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.