മലപ്പുറം: കാളികാവില്‍ വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് രേഖ തയ്യാറാക്കി നൽകി പണം തട്ടിയ യുവാവ് അറസ്റ്റില്‍. അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. കാളികാവ് ബ്ലോക്ക് ഓഫിസിന് സമീപത്ത് പുക പരിശോധന കേന്ദ്രത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ഇൻഷുറൻസ് തയ്യാറാക്കി നൽകിയിരുന്നത്.
അഞ്ചച്ചവടിയിലെ വാഹന ഉടമയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചെറിയ വാഹനങ്ങളുടെ ഇൻഷുറൻസ് അടച്ച്, അതിന്‍റെ രേഖ എഡിറ്റ് ചെയ്‌ത് വലിയ വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് തയാറാക്കി നല്‍കിയായിരുന്നു തട്ടിപ്പ്.
പ്രതി അല്‍ത്താഫ് നിരവധി പേർക്ക് ഇത്തരത്തിൽ വ്യാജ ഇൻഷുറൻസ് രേഖകൾ ഉണ്ടാക്കി നൽകിയതായാണ് വിവരം. വഞ്ചനാകുറ്റം, വ്യാജ രേഖ ചമക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് അടച്ചയാള്‍ക്ക് ബജാജ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കത്ത് ലഭിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്.
വ്യാജമായി ഇൻഷുറൻസ് അടച്ചതിനാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് ബജാജ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കത്ത് ലഭിച്ചത്. തുടര്‍ന്ന് കത്ത് ലഭിച്ച വാഹന ഉടമ കാളികാവ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പുക പരിശോധന കേന്ദ്രത്തിൽ നിന്നും അൽത്താഫിനെ പിടികൂടി അറസ്റ്റ് ചെയ്‌തത്.
വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.