കോഴിക്കോട് : പുതുപ്പാടിയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിനിടയിലാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിന് കുത്തേറ്റത്.
വെസ്‌റ്റ് പുതുപ്പാടി കുരിശുപള്ളിക്ക് സമീപം വെച്ച് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം കണ്ട് എന്താണെന്ന് അന്വേഷിക്കുന്നതിനിടയിലാണ് കൂട്ടം കൂടി നിന്ന ആളുകൾക്കിടയിൽ നിന്ന് ശ്യാം ചന്ദ്രൻ പുറത്തെത്തി നവാസിനെ കൈയ്ക്കും പുറത്തും കുത്തി പരിക്കേൽപ്പിച്ചത്.
ശ്യാം ചന്ദ്രൻ ബിജെപി അനുഭാവി ആണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ പരിക്കേറ്റ നവാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് ഇന്ന് ശ്യാം ചന്ദ്രനെ കസ്‌റ്റഡിയിലെടുത്തത്.