കോഴിക്കോട് : എളേറ്റിൽ വട്ടോളിയിൽ സ്‌കൂട്ടറിൽ കയറുകയായിരുന്ന യുവാവിനെ കോടാലികൊണ്ട് വെട്ടി പരിപ്പേൽപ്പിച്ച പ്രതി പിടിയിലായി. എളേറ്റിൽ സ്വദേശി ഇസ്‌മയിലാണ് പൊലീസിൻ്റെ പിടിയിലായത്. എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കൽ വച്ച് ഇന്നലെ (ഏപ്രിൽ 16) രാവിലെ എട്ട് മണിയോടെയാണ് സംഭവം.
റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കയറുകയായിരുന്ന മൂർഖൻകുണ്ട് പിറ്റേണ്ടി ദേവദാസിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും ദേഹത്തും പരിക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവദാസിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇസ്‌മയിൽ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് ഊർജിതമായ അന്വേഷണം നടത്തി. താമരശ്ശേരിയിൽ വച്ചാണ് ഇസ്‌മയിൽ പിടിയിലായത്. അതിർത്തി തർക്കത്തെ തുടർന്നാണ് പ്രതി അക്രമം അഴിച്ചുവിട്ടത്. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.
യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ സ്വദേശി രാജു എന്ന് വിളിക്കുന്ന പ്രസീദ് ജി (52) എന്നിവരെ മണിമല പൊലീസ് ആണ് അറസ്‌റ്റ് ചെയ്‌തത്. വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലാണ് പൊലീസ് നടപടി.
ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ യുവാവിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവുമായി പരിചയത്തിലുള്ള സാബു ദേവസ്യ ഏപ്രിൽ 15 ന് രാവിലെ 09:30 ഓടുകൂടി യുവാവിനെ തന്‍റെ സ്‌കൂട്ടറിൽ കയറ്റി മണിമല ബസ് സ്‌റ്റാന്‍ഡിൽ എത്തിയതിനു ശേഷം, ഇവിടെനിന്നും ബസിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകുകയും, ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആസിഡ് ആക്രമണത്തിൽ മുഖത്തിനും, കഴുത്തിനും, ശരീരത്തും സാരമായി പരിക്ക് പറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.