കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പൂവാട്ടുപറമ്പ് പുതിയോട്ടിൽ മുഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എഡബ്ല്യുഎച്ചിന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയായിരുന്നു സംഭവം.
പന്തീരങ്കാവിലെ ജോലി സ്ഥലത്ത് നിന്നും രാത്രി മടങ്ങി വരുന്നതിനിടെ യുവാവിന്‍റെ സ്‌കൂട്ടർ തകരാറിലായി. ഇതോടെ റോഡരികിലെ കടയ്‌ക്ക് മുന്നിൽ സ്‌കൂട്ടർ കയറ്റി വച്ചു. ഇതിനിടെ സമീപത്തെ ഇരുമ്പ് തൂണിൽ പിടിക്കുകയും മുഹമ്മദ് റിജാസിന് ഷോക്കേൽക്കുകയും ആയിരുന്നു.
അപകട സമയം മുഹമ്മദ് റിജാസിനൊപ്പം സഹോദരനും ഉണ്ടായിരുന്നു. ഷോക്കേറ്റ് നിലത്ത് വീണ മുഹമ്മദ് റിജാസിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്തു തന്നെയുള്ള വൈദ്യുതി പോസ്റ്റിൽ നിന്നും ഈ കടയിലേക്ക് സ്ഥാപിച്ച സർവീസ് വയറിൽ വൈദ്യുതി ലീക്ക് വന്നതിനെ തുടർന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ ഇതേ തൂണിൽ കൈവച്ചപ്പോൾ കടയുടമയ്‌ക്ക് ചെറിയ രീതിയിൽ തരിപ്പ് അനുഭവപ്പെട്ടിരുന്നു. തുടർന്ന് കോവൂർ കെഎസ്ഇബി ഓഫിസിൽ വിവരം അറിയിച്ചു. അവിടെ നിന്നും ആളെത്തിയെങ്കിലും തകരാർ പരിഹരിക്കാൻ മറ്റൊരാൾ വരുമെന്ന് അറിയിച്ച് മടങ്ങിപ്പോയി. എന്നാൽ പിന്നീട് ആരും തകരാർ പരിഹരിക്കാൻ വന്നില്ലെന്നാണ് കടയുടമ പറയുന്നത്. രാത്രി ഒന്നരയോട് കൂടി ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് യുവാവിന് ഷോക്കേറ്റ വിവരം അറിയുന്നതെന്നും കടയുടമ പറഞ്ഞു.
അതേസമയം സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മരണപ്പെട്ട മുഹമ്മദ് റിജാസിന്‍റെ സഹോദരൻ പറഞ്ഞു. തങ്ങൾക്കുണ്ടായ ഗതി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.