കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാനൂര്‍ മേഖലയില്‍ രാഷ്‌ട്രീയ യുദ്ധം മുറുകുന്നതിനിടെ അശാന്തിയും പടരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ റീത്ത് വച്ച് അജ്ഞാതരുടെ ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിത്തു, പത്മനാഭന്‍ എന്നിവരുടെ വീടിന് മുമ്പിലാണ് റീത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
'നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു' വെന്ന് എഴുതിയ റീത്തുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഏറെക്കാലമായി പാനൂര്‍ മേഖലയില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റീത്തുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളില്‍ ഭീതി പടര്‍ന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജ്യോതി ബാബുവിന്‍റെ വീടിന് സമീപം ബോംബ് സ്‌ഫോടനവും മീത്തലെ കുന്നോത്ത് പറമ്പിലെ കടുങ്ങോം പൊയിലില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഗ്രാമദീപം വായനശാലക്ക് നേരെ അക്രമുണ്ടായി. ഇന്ന് (ഫെബ്രുവരി 28) പുലര്‍ച്ചെയാണ് സ്‌ഫോടനവും ആക്രമണവും അരങ്ങേറിയത്. വായനശാലയ്‌ക്കുള്ളിലെ ടിവി അടക്കമുള്ള മുഴുവന്‍ ഉപകരണങ്ങളും അക്രമികള്‍ നശിപ്പിച്ചു.
ആരാണ് റീത്തുകള്‍ പ്രദര്‍ശിപ്പിച്ചതെന്ന് വ്യക്തമല്ലാത്ത സംഭവത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്‌പരം പഴിചാരുകയാണ്. മേഖലയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നത് ഇഷ്‌ടപ്പെടാത്തവരാണ് ഇതിന് പിന്നാലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.