എറണാകുളം: ലോക ഹെവി വെയ്‌റ്റിങ് ഡിജെഎംസി സീരീസ് നമ്പര്‍ 7 ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന് വേദിയാകാനൊരുങ്ങി കൊച്ചി. വേള്‍ഡ് ബോക്‌സിങ് കൗണ്‍സിലും ദേശീയ സ്‌പോര്‍ട്‌സ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പ് ആഗസ്റ്റിലായിരിക്കും അരങ്ങേറുക. ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, യുകെ ഉൾപ്പെടെയുള്ള 12 ലധികം രാജ്യങ്ങളിൽ നിന്നുള്ള ബോക്‌സിങ് താരങ്ങളാണ് ഹെവി വെയ്റ്റ് ബോക്‌സിങ് പട്ടത്തിനായി മത്സരിക്കാനെത്തുന്നത്.
നാഷണൽ സ്പോർട്‌സ് മിഷന്‍റെ സഹകരണത്തോടെ 2024 ആഗസ്റ്റിൽ നടക്കുന്ന ചാംപ്യൻഷിപ്പ് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ അരങ്ങേറുമെന്ന് നാഷണൽ സ്പോർട്‌സ് മിഷൻ ദേശിയ ചെയർമാൻ നെടുമൺകാവ് ഗോപാല കൃഷ്‌ണൻ കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. അന്തർദേശിയ ബോക്‌സിങ് ചാമ്പ്യൻഷിപ്പുകൾ ടെലിവിഷൻ സ്ക്രീനിൽ മാത്രം കണ്ടു ശീലിച്ച മലയാളികൾക്ക് ഇനി അത് നേരിട്ട് കാണുവാനുള്ള അവസരം ഒരുക്കുകയാണെന്നു സ്പോർട്‌സ് മിഷൻ സംസ്ഥാന പ്രസിഡന്‍റ് ഷിജു മാത്യു പറഞ്ഞു.
വേൾഡ് ബോക്‌സിങ് കൗൺസിലിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് ഡിജെഎംസി സീരീസ് നമ്പർ 6 ബോക്‌സിങ് ചാംപ്യൻ ഷിപ്പ് നടന്നത്. അതില്‍ ഇന്ത്യൻ താരവും മലയാളിയുമായ എറണാകുളം ടൈറ്റിൽ ബോക്‌സിങ് ക്ലബ്ബ് സിഇഒ കെ എസ് വിനോദ് വിജയം കരസ്ഥമാക്കിയിരുന്നു.
നേരത്തെ മെൽബണിൽ നടന്ന യോഗത്തിൽ ഡിജെഎംസി സീരീസ് നമ്പർ 7 ചാംപ്യൻഷിപ്പ് അമേരിക്കയിൽ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ നടത്തണമെന്ന അഭ്യർത്ഥനയെ തുടര്‍ന്ന് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ഡബ്ല്യുബിസി കെയറും ഡിജെഎംസിയും ചേർന്ന് കൊച്ചി വേദിയായി തെരഞ്ഞെടുത്തത്. ചാംപ്യൻഷിപ്പിന്‍റെ തീയ്യതി സംബന്ധിച്ച പ്രഖ്യാപനം ലോകവനിതാദിനത്തിൽ കൊച്ചി മാരിയേറ്റ് ഹോട്ടലിലാണ് നടന്നത്. അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്മാരായ ഹന്ന ഗബ്രിയേല്‍ (Hanna Gabriel's), ആഗ്രോണ്‍, കെഎസ് വിനോദ് , ദക്ഷിണേന്ത്യന്‍ അംബാസിഡര്‍, അഡ്വ കെ വി സാബു തുടങ്ങിയവര്‍ പങ്കെടുത്തു.