തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തി സമയത്തിൽ ക്രമീകരണം. മാർച്ച് 5 മുതൽ 9 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തി സമയമാണ് ക്രമീകരിച്ചത്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെടുന്ന കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഒരേ സമയം മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവീസിനുണ്ടാകുന്ന ഓവർലോഡാണ് സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെർവറിന്‍റെ ലോഡ് ക്രമീകരിക്കുന്നതിനായി റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായി ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിംഗും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നതാണ്. 2024 മാർച്ച് 5 മുതൽ 9 വരെയുള്ള സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തി സമയം ചുവടെ ചേർക്കുന്നു. രാവിലെ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 8 മണിമുതൽ 1 മണിവരെയും ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 2 മണിമുതൽ 7 മണിവരെയുമാണ്. 8 ന് ശിവരാത്രിയോടനുബന്ധിച്ച് റേഷൻ കടകൾക്ക് അവധിയായായിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മാർച്ച് 5,7 ദിവസങ്ങളിൽ രാവിലെയും 6 , 9 ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻ കടകളുടെ പ്രവർത്തി സമയം.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങീ ജില്ലകളിൽ മാർച്ച് 5,7 ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും 6,9 ദിവസങ്ങളിൽ രാവിലെയുമാണ് പ്രവർത്തി സമയം.