കാസർകോട്: ജീവിത പ്രതിസന്ധികൾക്കിടയിൽ നെട്ടോട്ടമോടുമ്പോൾ ശ്യാമളയ്‌ക്ക് രണ്ടേ രണ്ട് ആഗ്രഹമാണുള്ളത്. പേടിക്കാതെ കഴിയാനൊരു വീട്, ഇഴജന്തുക്കളെ പേടിക്കാതെ മക്കൾക്ക് ഇരുന്നു പഠിക്കാനൊരിടം. ഒരുപാട് കഷ്‌ടപാടുകൾ അനുഭവിച്ചാണ് കയ്യൂർ–ചീമേനി പഞ്ചായത്തിലെ ചെറുപ്പയിലെ ശ്യാമളയും കുടുംബവും ഓരോ ദിവസംവും കഴിച്ചുകൂട്ടുന്നത്. വീടിനകത്തെ മാളങ്ങളും, അടുക്കളയെ മൂടിയ ചിതൽ പുറ്റുകളും, പഴകി ദ്രവിച്ച മേൽക്കൂരയും വിണ്ടുകീറിയ ചുവരുകളും പേടിപ്പെടുത്തും.
അടച്ചുറപ്പില്ലാത്ത വീട്ടിൽ മൂന്ന് കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം കഴിയുന്ന ശ്യാമള കഴിഞ്ഞു പോയ ദിവസങ്ങളെക്കുറിച്ച് പറയുമ്പോൾ കണ്ണുനീരണിയുന്നു. വീട് ഭൂരിഭാഗവും നശിച്ചതോടെ വാടക വീട്ടിലേക്ക് മാറി. പക്ഷേ വാടക കൊടുക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ വീണ്ടും തിരിച്ച് പഴയ വീട്ടിലേക്കെത്തി. തെഴിലുറപ്പ് ജോലിക്ക് പോയിട്ടാണ് ശ്യാമള ജീവിതവരുമാനം കണ്ടെത്തുന്നത്. സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ചങ്കിലും ശ്യാമളയ്‌ക്ക് അർഹത ഇല്ല എന്ന് പറഞ്ഞ് പരിഗണിച്ചില്ല.
ഈ കൂരയിൽ നിന്നാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും ശ്യാമളയുടെ മകൾ നന്ദന എ.പ്ലസ് നേടിയത്. ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു. ആറിലും ഒന്നിലും പഠിക്കുന്ന മറ്റുമക്കളായ ആതിദേവും ദേവദത്തും പഠിക്കാൻ മിടുക്കരാണ്.
മാസങ്ങൾക്കു മുൻപാണ് വീടിനകത്ത് മാളങ്ങൾ രൂപപ്പെടാൻ തുടങ്ങിയത്. വലിയ മാളങ്ങളിലൂടെ ഇഴജന്തുക്കളും വരാൻ തുടങ്ങി. നല്ലൊരു ശുചിമുറിയും ഇവർക്കില്ല.മക്കളുമായി ശ്യാമളയ്ക്കും കുടുംബത്തിനും സ്വന്തം വീടെന്ന ലക്ഷ്യവുമായി അയൽവാസികൾ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Also Read : കനത്തമഴയിൽ അടിമാലിയില്‍ വീട് തകര്‍ന്നു; ആളപായമില്ല