എറണാകുളം: കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിന് പിന്നിൽ ബന്ധുവിൻ്റെ ക്വട്ടേഷനെന്ന് പൊലീസ്. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ബന്ധു സജീഷിന്‍റെ ഭാര്യയെയും സഹായിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സജീഷിൻ്റെ ആദ്യ ഭാര്യയിലുള്ള കുട്ടികളെ ആക്രമിക്കുന്നത് ചോദ്യം ചെയ്‌തതിനും ഒട്ടോ ഓടിക്കുന്നതിനും ബന്ധു സജീഷിന് ജയയോട് വൈരാഗ്യമുള്ളതായും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം ക്വട്ടേഷൻ നൽകിയത് ഇടിച്ച് നടുവൊടിക്കാനായിരുന്നുവെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച വിവരം.
ക്വട്ടേഷൻ സംഘം ജൂൺ ഒന്‍പതിന് ആദ്യ ശ്രമം നടത്തിയിരുന്നു. ക്വട്ടേഷൻ നടപ്പാക്കാൻ വന്നത് അഞ്ചു പേരായിരുന്നു. ഇവരിൽ രണ്ടു പേർ ആലപ്പുഴക്കാരാണ്. ആക്രമിച്ചത് ചുറ്റിക കൊണ്ടായിരുന്നു.
വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഓട്ടോ ഡ്രൈവർ ജയയാണ് തിങ്കളാഴ്‌ച രാത്രി ആക്രമണത്തിനിരയായത്. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടത്തിയിരുന്നു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്.
സ്വമേധയാ കേസെടുത്ത് വനിത കമ്മിഷന്‍: സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. റൂറല്‍ എസ്‌പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അധ്യക്ഷ പറഞ്ഞു. യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളത്തെ ആശുപത്രിയിലെത്തി സഹോദരിയോടും ചികിത്സിക്കുന്ന ഡോക്‌ടര്‍ രാജീവിനോടും വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞു.
യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണു ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്‌ടര്‍ പറഞ്ഞത്. ആന്തരിക രക്തസ്രാവവും ഉണ്ട്. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടതായും അധ്യക്ഷ പറഞ്ഞു.
ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. വ്യക്തി വിരോധത്തിന്‍റെ പേരില്‍ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ നിഷ്‌ഠൂരമായ ആക്രമണമാണിത്. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്ന ഒരു സ്‌ത്രീക്കാണ് ഈ അവസ്ഥയുണ്ടായത്. സ്‌ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ബി ഷൈനി തുടങ്ങിയവരും അധ്യക്ഷയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
Also Read: ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തി: 5 പേർ പിടിയിൽ