കര്‍ണാടക: വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാർഗങ്ങൾ ഒരുക്കാൻ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്‌സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്‌നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്‌ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്യജീവി സംഘർഷം, വേട്ടയാടൽ, വനം, വന്യജീവി സംരക്ഷണം എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചതായി കർണാടക വനം മന്ത്രി ഈശ്വര ഖണ്ഡ്രെ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി (Meeting between Karnataka, Tamil Nadu and Kerala on Wildlife-human conflict in boarder).
വന്യമൃഗങ്ങൾ ഒരു വനത്തിൽ നിന്ന് മറ്റൊന്നിലേക്ക് സ്വതന്ത്രമായി നീങ്ങുന്നു. നൂറുകണക്കിന് വർഷങ്ങളായി ആനകൾ തമിഴ്‌നാടിനും കേരളത്തിനും കർണാടകത്തിനും ഇടയിൽ സ്വതന്ത്രമായി വിഹരിക്കുന്നു. കടുവകളും ഒരു വനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ഏത് സംസ്ഥാനത്തായാലും ഈ വന്യമൃഗങ്ങളാൽ ജീവനാശത്തിനോ വിളകൾക്കോ ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കണം. അതും ചർച്ച ചെയ്‌തിട്ടുണ്ട്. ഇതിന് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി-മനുഷ്യ സംഘർഷവും, വേട്ടയാടലും, കാട്ടുതീ നിയന്ത്രണവും, തടയാൻ നൂതന സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം ആവശ്യമാണ്. ഇതും യോഗത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. നിലവിൽ കേരളവും കർണാടവുമാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. തമിഴ്‌നാട് വനംവകുപ്പ് മന്ത്രിയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ തമിഴ്‌നാട് കരാറിൽ ഒപ്പുവെച്ചിട്ടില്ല. പക്ഷേ തമിഴ്‌നാടും കരാറിൻ്റെ ഭാഗമായിരിക്കും.
മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരേപോലെയും ഫലപ്രദമായും നടകത്താൻ സാധിക്കുന്ന സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാനും തീരുമാനമായി.
പ്രധാന ലക്ഷ്യങ്ങൾ
- വന്യജീവികളുടെ ആവാസ വ്യവസ്ഥകൾ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുക.
- മനുഷ്യ വന്യമൃഗ സംഘർഷ മേഖലകള്‍ നിരീക്ഷിക്കുക, അടയാളപ്പെടുത്തുക.
- വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക.
- പ്രശ്‌നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക.
- പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക.
- വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്‌ധ സേവനം ഉറപ്പാക്കല്‍.
- വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
- ഉപദേശക ബോർഡ്: സംഘർഷ നിവാരണ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്‍ദ്ദേശങ്ങൾ നൽകുന്നതിന് വന്യജീവി സംരക്ഷണ വിദഗ്‌ധർ ഉൾപ്പെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കും.
- തടസ്സമില്ലാത്ത സഹകരണം, ഘടനാപരമായ വിവരങ്ങൾ പങ്കിടൽ, മനുഷ്യ-വന്യജീവി സംഘർഷ വെല്ലുവിളികൾക്കെതിരായ സംയുക്ത പരിശ്രമം.
അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി ICC (interstate coordination committee)
- ഒരു നോഡല്‍ ഓഫീസര്‍
- സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡല്‍ ഓഫീസർമാർ
- ഒരു ഉപദേശക സമിതി
- മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
- വർക്കിങ് ഗ്രൂപ്പ് (പ്രശ്‌ന മേഖലയിൽ ഇടപെടാൻ)
മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ നാട്ടിലിറങ്ങുന്നത് പതിവാണ്. ആളപായവും വ്യാപക കൃഷിനാശവും സംഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അതേസമയം വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിങിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.
കേരളത്തിന്‍റെ അവശ്യം പരിഗണിച്ചു കൊണ്ട് വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ ഉണ്ട് (Wildlife-human conflict in boarder).
വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട അവശ്യം ഉണ്ട്. പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് അവശ്യത്തിന് ഫണ്ട് സംസ്ഥാനങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്‍റെ മാത്രം പ്രതിസന്ധിയല്ല, മൂന്ന് സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.