വയനാട് : മാനന്തവാടിയില്‍ ആറ് മണിക്കൂറിലേറെയായി ഭീതി പരത്തുന്നത് കർണാടകയിലെ ഹാസനിൽ നിന്നും കര്‍ണാടക വനം വകുപ്പ് പിടികൂടി നഗർഹോൾ വനത്തിൽ കൊണ്ടുവിട്ട തണ്ണീർ കൊമ്പൻ (Thanneer Komban) എന്ന കാട്ടാന. ഇന്ന് രാവിലെയോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ മാനന്തവാടിയിലേക്ക് എത്തിയത്. മയക്കുവെടിവച്ച് കാട്ടാനയെ പിടികൂടാനാണ് നീക്കമെന്ന് ജില്ല കലക്‌ടര്‍ രേണു രാജ് അറിയിച്ചു (Wayanad District Collector).
ഇതിനായി വനം വകുപ്പിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മയക്കുവെടിവച്ച് പിടികൂടിയ ശേഷം ആനയെ കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലയില്‍ തുറന്നുവിടാനാണ് പദ്ധതി. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്‍റെ സഹായം നടപടിക്രമങ്ങള്‍ക്കായി തേടുമെന്നും കലക്‌ടര്‍ വ്യക്തമാക്കി.
Read More : കഴുത്തില്‍ റേഡിയോ കോളര്‍, വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടാന ; ജാഗ്രതാനിര്‍ദേശം
കാട്ടാനയെ മയക്കുവെടി വയ്‌ക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ മുത്തങ്ങയില്‍ നിന്നും മേഖലയിലേക്ക് കുങ്കിയാനകളെ എത്തിക്കുമെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മാനന്തവാടി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.