തൃശൂർ : അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ കബാലി എന്ന കാട്ടാന ആംബുലൻസ് തടഞ്ഞു. ഇന്നലെ (ജൂൺ 20) രാത്രിയാണ് സംഭവം. ആനയെ കണ്ട് ഭയന്ന് ഓടി പരിക്കേറ്റ ആദിവാസിയെ ചാലക്കുടിയിലെ ആശുപത്രിയിൽ ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ആംബുലൻസ് ആണ് കാട്ടാന തടഞ്ഞത്. ഇന്നലെ കെഎസ്ആർടിസി ബസും കാട്ടാന ഇറങ്ങിയതിനെ തുടർന്ന് 20 മിനിറ്റോളം ഈ വഴിയിൽ കാത്ത് കിടന്നിരുന്നു.
കാട്ടാന ശല്യം രൂക്ഷം; ആശങ്ക : ചാലക്കുടി മോതിരക്കണ്ണിയില്‍ രണ്ടാഴ്‌ചയായി കാട്ടാന ആക്രമണം രൂക്ഷം. പരിയാരത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഫെൻസിങ് തകർത്താണ് കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
ഇലക്ട്രിക് ഫെൻസിങ്ങിന്‍റെ തകരാർ പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പലപ്പോഴും വനം വകുപ്പ് ഓഫിസര്‍മാര്‍ ഫോൺ എടുക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. ആനയെ തുരത്തുന്നതിന് യാതൊരുവിധ സംവിധാനങ്ങളും ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ALSO READ : കാട്ടാന ആക്രമണം; റോഡ് നിർമ്മാണ കമ്പനിയുടെ വാഹനവും അനുബന്ധ സാമഗ്രഹികളും നശിപ്പിച്ചു