തൃശൂർ : മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്. കരയ്ക്ക് കയറ്റാൻ ശ്രമം നടത്തുന്നതിനിടെ ആന ചെരിയുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യമാണ് ഫലമില്ലാതായത്.
ഇന്ന് (ഏപ്രിൽ 23) പുലർച്ചെയാണ് കാട്ടാന കിണറ്റിൽ വീണത്. ശബ്‌ദം കേട്ടെത്തിയ വീട്ടുകാരാണ് ആദ്യം ആനയെ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി. കിണറിന് സമീപത്തെ മണ്ണിടിച്ച് ആനയെ രക്ഷപ്പെടുത്താനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ശ്രമം. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളടക്കം കൊണ്ടുവന്നെങ്കിലും ശ്രമം പാഴാവുകയായിരുന്നു. വിസ്‌തൃതി കുറഞ്ഞ കിണറായതിനാല്‍ നീളമേറിയ കൊമ്പുകള്‍ കുടുങ്ങി അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കാട്ടാന.