തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടത്തിയ ആന സെന്‍സസില്‍ സംസ്ഥാനത്തെ വനങ്ങളില്‍ 1793 മുതല്‍ 1795 വരെ ആനകളുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഒരു ചതുരശ്ര കിലോമീറ്ററില്‍ ആനകളുടെ സാന്ദ്രത 0.8 ശതമാനമാണ്.
2021 ലെ സെന്‍സസില്‍ 1920 കാട്ടാനകളാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു കണ്ടെത്തിയിരുന്നത്. 2021 ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ ആനകളുടെ സാന്ദ്രത 0.20 ആയിരുന്നു. ദേശീയോദ്യാനങ്ങളെ മേഖലകളായി തിരിച്ചും ആനകളുടെ വിസര്‍ജ്യവും നിരീക്ഷിച്ച് നടത്തിയ സെന്‍സസില്‍ പെരിയാര്‍ ബ്ലോക്ക് ഒഴികെയുള്ള ദേശീയോദ്യാനങ്ങളില്‍ ആനയുടെ എണ്ണത്തില്‍ നല്ല വ്യത്യാസമുണ്ട്.
2024 ല്‍ വയനാട്ടില്‍ 178, പെരിയാറില്‍ 813, നിലമ്പൂരില്‍ 198, ആനമുടിയില്‍ 615 ആനകളെയുമാണ് സെന്‍സസ് കണ്ടെത്തിയത്. 2023 ല്‍ വയനാട്ടില്‍ 249, പെരയാറില്‍ 811, നിലമ്പൂര്‍ 171, ആനമുടി 696 ആനകളെയുമായിരുന്നു കണ്ടെത്തിയത്. ആനകളുടെ എണ്ണത്തില്‍ 7 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഗണ്യമായ കുറവുണ്ടായതായി പറയാനാവില്ലെന്ന് വനം മന്ത്രി സെന്‍സസ് പ്രകാശനം ചെയ്‌ത ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എണ്ണത്തില്‍ നേരിയ കുറവുണ്ടായെന്നത് വസ്‌തുത തന്നെയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബ്ലോക്കുകളായും ജലമേഖലകള്‍ കേന്ദ്രീകരിച്ചും ആനകളുടെ വിസര്‍ജ്യങ്ങളെയും അടിസ്ഥാനപ്പെടുത്തി മെയ് 24, 25, 26 തീയതികളിലായിരുന്നു സംസ്ഥാനത്തെ ആനകളുടെ സെന്‍സസ് നടത്തിയത്.
ALSO READ: നാടിനെ മുൾമുനയിൽ നിർത്തി മുറിവാലൻ കൊമ്പൻ; ജാഗ്രത പാലിക്കാൻ വനംവകുപ്പ്