ഇടുക്കി: കാട്ടാന ശല്യം അതി രൂക്ഷമായ ചിന്നക്കനാൽ മേഖലയിൽ സ്പെഷൽ ആർആർടി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യൂണിറ്റിന് രൂപം നൽകിയിരിക്കുന്നത്. 4 സ്ഥിരം ജീവനക്കാരും 10 വാച്ചർമാരും ഉൾപ്പെടുന്നതാണ് പുതിയ ആർആർടി യുണിറ്റ്.
ബോഡിമെട്ട് സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ പി ജി സന്തോഷിനാണ് സ്പെഷ്യൽ ആർആർടിയുടെ ചുമതല. മുൻപ് ചിന്നക്കനാൽ സെക്ഷന് കീഴിൽ ഉണ്ടായിരുന്ന ആർആർടി യൂണിറ്റിൽ ബോഡിമെട്ട് സെക്ഷനിൽ നിന്നുള്ള വാച്ചർമാരെയും ഉൾപ്പെടുത്തിയാണ് യൂണിറ്റ് ശക്തിപ്പെടുത്തിയത്. ആർആർടി യൂണിറ്റിന്‍റെ 24 മണിക്കൂർ സേവനം മേഖലയിൽ ലഭ്യമാകും.
ചിന്നക്കനാൽ മേഖലക്ക് മാത്രമായി പുതിയ ആർആർടി യൂണിറ്റിനു രൂപം നൽകിയത് ആശ്വാസകരമെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാന ആക്രമണം അതിരൂക്ഷമായ ചിന്നക്കനാൽ മേഖല കേന്ദ്രികരിച്ച് ഒരു ആർആർടി യൂണിറ്റ് വേണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സ്പെഷൽ ആർആർടി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചിന്നക്കനാൽ വിലക്കിലെ പഴയ വനംവകുപ്പ് ഓഫീസാണ് സ്പെഷ്യൽ ആർആർടി യൂണിറ്റിന്‍റെ ക്യാമ്പ് ഓഫീസ്.
ചിന്നക്കനാൽ മേഖലക്ക് മാത്രമായി പുതിയ ആർആർടി യൂണിറ്റിനു രൂപം നൽകിയ നടപടി താത്കാലിക ആശ്വാസം മാത്രമാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇനിമുതൽ മേഖലയിൽ കാട്ടാന സാന്നിധ്യമുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ വഴി നാട്ടുകാരിലേക്ക് വിവരം കൈമാറുന്നത് സ്പെഷൽ ആർആർടി യൂണിറ്റ് ആയിരിക്കും.
ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. ഒരു വാഹനം, ഡ്രോൺ, ലൈറ്റുകൾ എന്നിവ സ്പെഷ്യൽ ആർആർടിക്ക് ഉണ്ടെങ്കിലും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനുതകുന്ന അത്യാധുനിക ഉപകരണങ്ങൾ ഇല്ലാത്തത് തിരിച്ചടിയാണ്.