കണ്ണൂര്‍: ആറളം ഫാം വിട്ട് പോകാതെ ആനക്കൂട്ടം. കൈതച്ചക്കയും തെങ്ങും കമുങ്ങുമെല്ലാം ആഹാരത്തിനായി ലഭിക്കുന്നതാണ് ആനകള്‍ ഇവിടെ തന്നെ തിരിച്ചെത്തുന്നതിന് കാരണമാവുന്നത്. നിരന്നു കിടക്കുന്ന ഭൂമിയായതിനാല്‍ സാഹസമൊന്നുമില്ലാതെ ആനകള്‍ക്ക് ഭക്ഷണം ലഭിക്കുന്നു. തുരത്തിയോടിച്ച ആനകളും വീണ്ടും ഇവിടെയെത്തി തമ്പടിക്കുകയാണ്.
ഫാമില്‍ തിരിച്ചെത്തിയ പതിനഞ്ചോളം ആനകളും പുനരധിവാസ മേഖലയിലെ രണ്ടാനകളുമാണ് ഇപ്പോള്‍ ഇവിടെ തന്നെ എത്തിയിട്ടുളളത്. ഇവയെ തുരത്തിയോടിക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. വനം-ഫാം അധികൃതരുടെ പ്രധാന തലവേദനയായി മാറിയിരിക്കയാണ് ആനകളുടെ തിരിച്ചു വരവ്. ഫാമില്‍ നിന്നും ആനകളെ പുറത്താക്കി സോളാര്‍വേലി ചാര്‍ജ്ജ് ചെയ്യാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നത്.
ഫാമിലും മറ്റും കാട് വളര്‍ന്ന് കഴിഞ്ഞതിനാല്‍ ആനകള്‍ ഉണ്ടോ എന്ന് തിരിച്ചറിയാനും സാധിക്കുന്നില്ല. ഫാമിലെ തൊഴിലാളികളും മറ്റും ഭയന്നാണ് ജോലി ചെയ്യുന്നത്. വളയഞ്ചാല്‍ വഴി തുരത്തിയ ആനകള്‍ ആറളം വന്യജീവി സങ്കേതം, അടക്കാത്തോട്, പാല്‍ച്ചുരം, തിരുനെല്ലി വഴി പോകുമെന്നാണ് കരുതിയിരുന്നത്. ഫാമിലെ ഭക്ഷണസൗകര്യം കാരണം ആനകള്‍ വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയിരിക്കയാണ്.
ഫാമിനേയും പുനരധിവാസ മേഖലയിലേയും ആനകളില്‍ നിന്നും മുക്തമാക്കാന്‍ ആനമതില്‍ പൂര്‍ത്തിയാക്കുക മാത്രമേ മാര്‍ഗമുള്ളൂ. നിലവിലുള്ള സോളാര്‍ വേലി പൂര്‍ണ്ണമായും പരിഹാരമാവുന്നില്ലെന്നതാണ് വസ്‌തുത. ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം പരാജയത്തിലേക്ക് കുതിക്കുകയാണ്. ആനമതില്‍ കെട്ടി ചീങ്കണ്ണിപ്പുഴ, കക്കുവപ്പുഴ, ആറളം പുഴ എന്നിവിടങ്ങളില്‍ നിന്നും കടന്നെത്താത്ത രീതിയില്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.