ഇടുക്കി: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.
ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രസാദിനെ കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകരെത്തി പ്രസാദിനെ ഗൂഡല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, വിദഗ്ദ ചികിത്സകള്‍ക്കായി ഊട്ടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ചായിരുന്നു പ്രസാദ് മരണപ്പെട്ടത്. നീലഗിരിയില്‍ കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പ്രസാദ്.
സഹകരണ സംഘത്തിന്‍റെ ഗോഡൗണ്‍ തകര്‍ത്ത് കാട്ടാന: ഇടമലക്കുടിയില്‍ കാട്ടാന ആക്രമണം. സൊസൈറ്റിക്കുടിയിലെ ഗിരിജന്‍ സഹകരണ സംഘത്തിന്‍റെ ഗോഡൗണ്‍ തകര്‍ത്ത ശേഷം റേഷൻ കടകളില്‍ വിതരണം ചെയ്യാനെത്തിച്ച അരിയും ആന ഭക്ഷിച്ചു. ഏഴോളം ആനകളെത്തിയാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിപ്പിച്ചത്.
പരിമിതമായ രീതിയില്‍ മാത്രം വാഹനസൗകര്യമുള്ള ഇടമലക്കുടിയില്‍ ഗിരിജന്‍ സഹകരണ സംഘമാണ് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഗോഡൗണില്‍ എത്തിച്ച ശേഷം സാധനങ്ങള്‍ പല ഭാഗത്തേക്ക് വിതരണം ചെയ്യുകയാണ് പതിവ്. ശബ്ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയതോടെയാണ് ആനകള്‍ സ്ഥലത്ത് നിന്നും പിന്മാറിയത്.
നേരത്തെ, ഇക്കഴിഞ്ഞ ബുധനാഴ്‌ച ആനകള്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കാട്ടാനകള്‍ കൃഷിവിളകള്‍ നശിപ്പിക്കുമോയെന്ന ആശങ്കയിലാണ് നിലവില്‍ ഇവര്‍.