ഇടുക്കി : മൂന്നാറില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ലോക്കാട് വ്യൂ പോയിന്‍റിന് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. പെരിയകനാല്‍ എസ്‌റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി രാജമണിക്കാണ് പരിക്കേറ്റത്. പെരിയകനാലില്‍ നിന്നും മൂന്നാറില്‍ എത്തി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം 8 മണിയ്ക്കാണ് സംഭവം. പെരിയകനാലില്‍ നിന്നും മൂന്നാറിലെത്തി മടങ്ങുന്ന വേളയിലായിരുന്നു അപകടം. തൊട്ടുമുമ്പിലെത്തിയ കാട്ടുപോത്ത് കൊമ്പുകൊണ്ട് ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു. തലയ്ക്കും കണ്ണിനും പരിക്കേറ്റ രാജമണിയെ ഇതു വഴി എത്തിയവര്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രാജമണിയ്ക്ക് തലയ്ക്കും ശരീരത്തിലും പരിക്കേറ്റു. സംഭവം നടന്നിട്ട് ഒരു ദിവസം പിന്നിട്ട സാഹചര്യത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി തവണയാണ് ജനവാസമേഖലകളിലെത്തി വന്യജീവികള്‍ യാത്രക്കാരെയും വാഹനങ്ങളെയും ആക്രമിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടില്‍ ആറ് വാഹനങ്ങള്‍ക്ക് എതിരെയാണ് പടയപ്പയുടെയും ആക്രമണമുണ്ടായത്.
ആക്രമണങ്ങളിൽ നിന്ന് യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുവാന്‍ ആര്‍ ആര്‍ടിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും കാട്ടുപോത്തിൻ്റെ ആക്രമണം കൂടിയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വനംവകുപ്പ്.