ഇടുക്കി : മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. ഇന്നലെ (മാര്‍ച്ച് 11) രാത്രി 8.30നാണ് ആക്രമണമുണ്ടായത്. മംഗളംപാറയിലെ കൃഷിയിടത്തിലെ വിളകള്‍ നനയ്‌ക്കാന്‍ പോയപ്പോഴാണ് അന്തോണി കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ പാഞ്ഞടുത്ത കാട്ടുപോത്ത് അന്തോണിയെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ കാലിനും അരയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
കാട്ടുപോത്തിന്‍റെ ആക്രമണം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ആദിവാസികളാണ് അന്തോണിയെ ആശുപത്രിയില്‍ എത്തിച്ചത്. അന്തോണി അപകട നില തരണം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മേഖലയില്‍ പതിവായി കാട്ടുപോത്ത് എത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. നേരത്തെ നിരവധി തവണ സ്ഥലത്തെത്തിയ കാട്ടുപോത്തുകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് തുരത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
മനുഷ്യര്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇതിനെതിരെ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം മനുഷ്യ-വന്യജീവി സംഘർഷം ചർച്ച ചെയ്യാൻ ഇടുക്കിയില്‍ സർവകക്ഷി യോഗം തുടങ്ങി. വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ യോഗത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ മന്ത്രിയെ ഇന്നലെ (മാര്‍ച്ച് 11) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ട് ഓണ്‍ലൈനിലൂടെയായിരിക്കും മന്ത്രി യോഗത്തില്‍ പങ്കെടുക്കുക. മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തില്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.