എറണാകുളം: മലയാറ്റൂരിൽ ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാനക്കുട്ടി വീണു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കൂട്ടമായി എത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കുട്ടിയാന കിണറ്റിൽ വീണത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് കുട്ടിയാന വീണത്.
കൂടെയുള്ള കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഇവിടെ നിലയുപ്പിച്ചതിനാൽ വനപാലകർക്ക് ഇവിടെയെത്താൻ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം ഇവിടെ നിന്നും മാറിയതോടെയാണ് കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയത്. ജെസിബി ഉപയോഗിച്ച് കിണറിൻ്റ ഒരു ഭാഗം ഇടിച്ച് വഴിയുണ്ടാക്കി, കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമമാണ് തുടങ്ങിയത്.
സമാനമായ രീതിയിൽ കോതമംഗലം മാമലക്കണ്ടത്തെ ജനവാസമേഖലയിലെ കിണറ്റിൽ കാട്ടാനയും കുട്ടിയാനയും വീണിരുന്നു. സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലായിരുന്നു അമ്മയാനയും കുട്ടിയാനയും വീണത്. ആദ്യം കുട്ടിയാന കിണറ്റിൽ വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തള്ളയാനയും കിണറ്റിൽ വീഴുകയായിരുന്നു. അന്ന് കാട്ടാനയെയും കുട്ടിയെയും വനം വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷിച്ചിരുന്നു. ഇതേ മാതൃകയിലുള്ള രക്ഷാ പ്രവർത്തനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
അതേസമയം കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഫെൻസിംഗ് സ്ഥാപിക്കുന്നതിന് പണം അനുവദിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലന്നും വയനാട്ടിൽ സംഭവിച്ചത് മലയാറ്റൂരിലും സംഭവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരമായി രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷിയുൾപ്പടെ നശിപ്പിക്കുന്നു. കാട്ടാനയെ പേടിച്ച് രാത്രി സമയങ്ങളിൽ ഉറങ്ങാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ നടപടിയാണ് ഇവർ ആവശ്യപ്പെടുന്നത്.