കണ്ണൂര്‍: ആനയും കടുവയും പുലിയും കാട്ടുപോത്തും കാട്ടുപന്നിയുമൊക്കെ കാടിറങ്ങുമ്പോൾ മനുഷ്യന്‍റെ നെഞ്ചില്‍ തീയാണ്. കൂട്ടമായും ഒറ്റയ്ക്കും എത്തി കൃഷി നശിപ്പിച്ച് മടങ്ങിയിരുന്ന വന്യമൃഗങ്ങൾ മനുഷ്യന് ജീവനും ഭീഷണിയായതോടെ കണ്ണൂർ ജില്ലയുടെ മലയോര മേഖലയില്‍ താമസിക്കുന്നവർ ഭീതിയിലാണ്.
കണ്ണവം വനമേഖലയില്‍ നിന്ന് കൂട്ടമായെത്തുന്ന കാട്ടുപോത്ത് മാടത്തില്‍ ടൗണ്‍ പരിസരത്തും നമ്പീശന്‍ വളവിലും വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുരത്തിയോടിക്കാൻ നാട്ടുകാർ സംഘം ചേർന്നെങ്കിലും കാട്ടുപോത്ത് കാടുകയറിയെന്നാണ് സംശയം. ആറളം പഞ്ചായത്തിലെ നെടുമുണ്ട- ഉരുപ്പ് കുണ്ടു റോഡില്‍ കാട്ടുപന്നിക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് ജീവൻ തിരിച്ചുകിട്ടിയവർക്ക് മരണ ഭീതി മാറിയിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളും രാവിലെയും വൈകിട്ടും സ്‌കൂളിലേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന വിദ്യാർഥികളുമാണ് വന്യമൃഗശല്യത്തെ ഏറ്റവുമധികം ഭയക്കുന്നത്.
വന്യമൃഗശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കുക, കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുക എന്നിവയൊക്ക കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ഒന്നും നടന്നിട്ടില്ല. ഇതിനൊപ്പം കാലാവസ്ഥ വ്യതിയാനം കൂടിയാകുമ്പോൾ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് മലയോര കർഷകർ.