കണ്ണൂര്‍: കാട്ടാനകള്‍ക്ക് സ്വൈര്യമായി കടന്നു പോകാന്‍ വഴിയൊരുക്കിയിട്ടും കാട് വിട്ട് നാട്ടിലെ കൃഷിയിടങ്ങളില്‍ ആനകള്‍ വിഹരിക്കുകയാണ്. എലിഫെന്‍റ് കോറിഡോര്‍ രൂപപ്പെടുത്തിയിട്ടും ആനത്താരാ പദ്ധതി പ്രദേശങ്ങളില്‍ നിന്നും മാറിയാണ് ആനകളുടെ സഞ്ചാരം. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ കൊട്ടിയൂര്‍-നെല്ലിയോടിയിലാണ് കാട്ടാന കൃഷിയിടങ്ങള്‍ തേടിയെത്തുന്നത്.
വേനല്‍ കടുത്തതോടെ വാഴക്കൃഷിയിടത്തിലേക്കാണ് ആനകള്‍ ഉള്‍പ്പെടെയുള്ള കാട്ടു മൃഗങ്ങള്‍ കടന്നെത്തുന്നത്. വനാതിര്‍ത്തിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് മൂന്ന് കിലോമീറ്റര്‍ ദുരമെത്തിയാണ് ആനകളും മറ്റ് വന്യജീവികളും കൃഷിനാശം വരുത്തുന്നത്. നേരത്തെ, കര്‍ഷകരുടെ കൃഷി ഭൂമി വില നല്‍കി ഏറ്റെടുത്ത് ആനത്താര പദ്ധതി നടപ്പാക്കിയതായിരുന്നു. അതോടെ നിലവിലുള്ള കൃഷിഭൂമി സംരക്ഷിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. കാട്ടാനകള്‍ക്ക് സഞ്ചാര പാതയൊരുക്കിയാല്‍ വന്യജീവി ശല്യം കുറയുമെന്നായിരുന്നു വനം വകുപ്പ് അധികാരികളുടെ പ്രഖ്യാപനങ്ങള്‍.
എന്നാല്‍ ഇതെല്ലാം പാഴ് വാക്കായി മാറുകയാണ്. വിളവെടുക്കാന്‍ പാകമായ നിരവധി നേന്ത്രവാഴകളാണ് കാട്ടാനയും പന്നികളും കൂട്ടത്തോടെ നശിപ്പിച്ചത്. കൊട്ടിയൂര്‍ പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ മൂന്ന് കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ആനയെത്തിയത്. കാട്ടനയെ തുരത്താന്‍ കര്‍ഷകര്‍ക്ക് പടക്കം നല്‍കാനാണ് വനം വകുപ്പ് തീരുമാനം. പുറമേ വനം വകുപ്പിന്‍റെ പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ വന്യജീവി ശല്യം വര്‍ദ്ധിച്ചു വരികയാണ്. അടുത്ത രണ്ട് മാസം കൊണ്ട് ചേന, കപ്പ, ചേമ്പ്, എന്നിവയുടെ കൃഷിയിറക്കേണ്ടതാണ്. എന്നാല്‍ കൃഷിയിറക്കിയിട്ട് നഷ്‌ടം പെരുകാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലെ കര്‍ഷകര്‍.
Also Read: മൂന്നാറില്‍ വീണ്ടും പടയപ്പ ; ലോറി തടഞ്ഞിട്ടത് ഒരു മണിക്കൂറോളം