കോഴിക്കോട്: ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വ്യാപക കൃഷി നാശം. നേന്ത്രവാഴകളും കപ്പയും പപ്പായ കൃഷിയുമാണ് വ്യാപകമായി നശിച്ചത്. കൂടാതെ മറ്റു കൃഷികളും റബ്ബർ അടക്കമുള്ളവയും ഒടിഞ്ഞു വീണിട്ടുണ്ട്.
ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ശക്തമായ വേനൽ മഴയും കാറ്റും ഉണ്ടായത്. കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറെയും നാശനഷ്‌ടം. കുലച്ചതും കുലയെത്തിയതും ആയ വാഴകളാണ് നശിച്ചതിൽ ഏറെയും.
തിരുവമ്പാടി മരക്കാട്ടുപുറം ചാലിൽതൊടി സി വിനീതിന്‍റെ 500 ഓളം കുലച്ച വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. തൊണ്ടിമ്മൽ മുണ്ടക്കയം പറമ്പത്ത് ബാലഗോപാലന്‍റെ 400 വാഴകളും തമ്പലമണ്ണ കൊച്ചാലുങ്ങൽ വിനോദിന്‍റെ 500-ഓളം കുലച്ച വാഴകളും ഒടിഞ്ഞു വീണിട്ടുണ്ട്.
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായ് സ്വദേശി പുളിക്കൽ മമ്മദ് വലത്തായിപാറ മുട്ടോളി വയലിൽ കൃഷി ചെയ്‌ത ആയിരത്തോളം വാഴകളും പപ്പായകളും ഒടിഞ്ഞുവീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് കർഷകർക്ക് അപ്രതീക്ഷിതമായി ഉണ്ടായത്.
ചാത്തമംഗലം ചൂലൂരിലും വ്യാപകമായ കൃഷിനാശം സംഭവിച്ചു.
കൊടിയത്തൂർ പഞ്ചായത്തിൽ പന്നിക്കോട് ചുള്ളിക്കാപറമ്പ് കൊടിയത്തൂർ മേഖലകളിലും കാറ്റിൽ വാഴകളും തെങ്ങും കവുങ്ങും ഒടിഞ്ഞുവീണ് കൃഷി നശിച്ചു. മാവൂരിൽ പാടത്തും അരയങ്കോട് മേഖലയിലും കൃഷിനാശം ഉണ്ടായി. വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച കാറ്റും മഴയും അഞ്ചുമണിയോടെയാണ് ശമിച്ചത്.
ALSO READ: ചൂടിന് ആശ്വാസമായി വേനൽ മഴ; കോഴിക്കോട്ടെ മലയോര മേഖലയില്‍ വന്‍ നാശനഷ്‌ടം