തിരുവനന്തപുരം: പിന്നാക്ക-ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവു വരുന്ന മന്ത്രി സ്ഥാനത്തേക്ക് പകരമാരെന്നതു സംബന്ധിച്ച അഭ്യൂഹങ്ങളുയരുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കെ രാധാകൃഷ്‌ണന്‍ ഒഴിയുമ്പോള്‍ പകരം പിന്നാക്ക വിഭാഗത്തില്‍ നിന്നു തന്നെ ആകുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ആര്‍ക്കു നറുക്കു വീഴുമെന്നതാണ് ചര്‍ച്ചാ വിഷയം.
മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. ഇത് രണ്ടാം തവണയാണ് കേളു മാനന്തവാടിയില്‍ നിന്ന് നിയമസഭയിലെത്തുന്നത്. കേളുവിനു പകരം യുവാക്കള്‍ക്ക് പ്രധാന്യം നല്‍കാന്‍ തീരുമാനിച്ചാല്‍ ബാലുശ്ശേരി എംഎല്‍ സച്ചിന്‍ദേവ്, ദേവികുളം എംഎല്‍എ എ രാജ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍, തരുര്‍ എംഎല്‍എ പിപി സുമോദ്, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീണേക്കും. പകരം വനിത പ്രാതിനിധ്യമാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കില്‍ കോങ്ങാട് എംഎല്‍എ ശാന്തകുമാരിക്കോ ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്‌ക്കോ അവസരം നല്‍കിയേക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ 5 എംഎല്‍എ മാരില്‍ 3 പേരും പരാജയപ്പെട്ടു. പാലക്കാട് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്‌ണനും എംഎല്‍എ സ്ഥാനമൊഴിഞ്ഞ് ലോക്‌സഭയിലേക്കു പോകുന്നതോടെ രണ്ടിടത്തും ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
കൊല്ലത്ത് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തി ഹാട്രിക് ജയം തേടിയ എന്‍കെ പ്രേമചന്ദ്രന്‍റെ തേരോട്ടം തടയാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് കളത്തിലിറക്കിയ കൊല്ലം എംഎല്‍എ എം മുകേഷ് പരാജയപ്പെട്ടു. അവിടെ എന്‍കെ പ്രേമചന്ദ്രന് 1,50,302 ന്‍റെ വമ്പന്‍ ജയമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചത്.
ആറ്റിങ്ങലില്‍ വര്‍ക്കല സിറ്റിങ് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി ജോയി സിറ്റിങ് എംപി അടൂര്‍ പ്രകാശിനോട് ഫോട്ടോ ഫിനിഷില്‍ പരാജയപ്പെട്ടു. അവിടെ അടൂര്‍ പ്രകാശ് വിജയിച്ചത് വെറും 685 വോട്ടിനു മാത്രമാണ്. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മട്ടന്നൂര്‍ എംഎല്‍എ കെക ശൈലജയ്ക്കും പരാജയം രുചിക്കേണ്ടി വന്നു.
ALSO READ: ആറ്റിങ്ങലില്‍ റീ കൗണ്ടിങ്; ആവശ്യമുയര്‍ത്തിയത് ഇടതുമുന്നണി