കോട്ടയം: മണർകാട് റോഡിൽ കണ്ടെത്തിയ കിണർ മൂടി. മണർകാട് പള്ളിക്കും ആശുപത്രിക്ക് ഇടയിലുള്ള റോഡിലാണ് കിണർ കണ്ടെത്തിയത്. വ്യാഴാഴ്ച്ച (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് ശേഷം ഈ വഴിയെത്തിയ ടിപ്പര്‍ റോഡ് ഇടിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു.
ഇതോടെയാണ് റോഡിലുണ്ടായിരുന്ന കിണര്‍ കണ്ടെത്തിയത്. കിണര്‍ മൂടിയ കല്ലുകൾ അടർന്ന് വീണതിനെ തുടർന്നാണ് ടിപ്പര്‍ കുഴിയില്‍ വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും ആശങ്കയിലായി. അടുത്തിടെയാണ് പള്ളി വിട്ടു നൽകിയ സ്ഥലം കൂടി ഉൾപ്പെടുത്തി റോഡ് വീതി കൂട്ടിയത്.
കിണർ കരിങ്കൽ പാളികൊണ്ട് മൂടിയിരുന്നതിനാൽ ഇവിടെ കിണറുണ്ടായിരുന്നതായി ആർക്കും അറിവില്ലായിരുന്നുവെന്ന് വാർഡ് കൗൺസിലർ ഫിലിപ്പ് പറയുന്നു. സംഭവത്തെ തുടർന്ന് റോഡിലെ ഗതാഗതം ഭാഗികമായി തടഞ്ഞു. അതേസമയം കാലപ്പഴക്കം ചെന്ന കിണർ പൂർണമായും മൂടാതെ മുകളിൽ റോഡ് നിർമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഫിലിപ്പ് പറഞ്ഞു.