ഇടുക്കി : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ രാത്രിയിൽ മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും മഴ കുറഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞ് വരികയാണ്.
തുടർച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം, വി ആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി പ്രദേശത്തെ വീടുകൾ വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ട് പെയ്‌ത മഴയിൽ വീണ്ടും നിരവധി വീടുകളിൽ വെള്ളം കയറിയത്. അശാസ്‌ത്രീയമായി നിർമിച്ച കലുങ്കുകളും തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘു മേഘവിസ്ഫോടനമെങ്കിലും ഇന്നലെ ഉണ്ടായത് ഈ ഗണത്തിൽപ്പെടുന്നത് അല്ലെന്നാണ് വിലയിരുത്തൽ.
യെല്ലോ അലർട്ട് :
30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. അതേസമയം, തെക്കൻ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Also Read : ശക്‌തമായ മഴയിൽ വീടിൻ്റെ കിണർ ഇടിഞ്ഞു താഴ്ന്നു- വീഡിയോ - WELL COLLAPSED DUE TO HEAVY RAIN