തിരുവനന്തപുരം : കേരളത്തിന് ഇരട്ട ഭീഷണി എന്ന് കാലാവസ്ഥ പ്രവചനം. ആഗസ്റ്റോടെ കേരളത്തിൽ 'ലാ നിന' പ്രതിഭാസത്തിനൊപ്പം 'പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ' (ഐഒഡി) പ്രതിഭാസം കൂടി എത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രതിരോധിക്കാനുള്ള നടപടികൾ സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും സ്വീകരിച്ചില്ലെങ്കിൽ പ്രളയസമാന സാഹചര്യമാകും ഉണ്ടാവുക എന്നും മുന്നറിയിപ്പുണ്ട്.
ഐഒഡി, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെറു മേഘവിസ്ഫോടനങ്ങളും അതിതീവ്ര മഴയും ഉണ്ടാക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രതിഭാസമാണ് ലാ നിന. ഈ പ്രതിഭാസം കേരളത്തിൽ ഓഗസ്റ്റിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുകൂടാതെയാണ് പോസിറ്റീവ് ഐഒഡിയും വരുന്നത്.
ഇത്തരം പ്രതിഭാസങ്ങൾ ഒരുമിച്ച് വരുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ്. 'എൽ നിനോ'യുമായി ബന്ധപ്പെട്ട് ഇന്ത്യൻ മഹസുദ്രത്തിലുണ്ടാകുന്ന പ്രതിഭാസമാണ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ (ഐഒഡി). മൂന്നുതരം ഐഒഡി ആണുള്ളത്. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ എന്നിവയാണത്.
കേരളത്തിൽ 2019 ലും ഐഒഡി എന്ന പ്രതിഭാസം സംഭവിച്ചിരുന്നു. കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്ഫോടനമുണ്ടായത് അന്നാണ്. എന്നാൽ ലാ നിന പ്രതിഭാസം അന്ന് ഉണ്ടായിരുന്നില്ല.
അറബിക്കടലിൽ ഇപ്പോൾ രൂപംകൊണ്ടിരിക്കുന്നത് പോസിറ്റീവ് ഐഒഡിയാണ്. ഇതുമൂലം അറബിക്കടലിൽ സാധാരണയെക്കാൾ ചൂട് കൂടുതലായിരിക്കും. ഇതുമൂലം ധാരാളം നീരാവി ഉത്പാദിപ്പിക്കപ്പെടും. ഇവ അന്തരീക്ഷത്തിലുയർന്ന് കുമുലോ നിംബസ് എന്ന മഴ മേഘങ്ങൾക്ക് രൂപം നൽകും. സാധാരണഗതിയിൽ കുമുലോ നിംബസ് രണ്ട് മുതൽ രണ്ടര കിലോമീറ്റർ വിസ്തൃതിയാണെങ്കിൽ ഐഒഡിയുടെ ഫലമായി അത് ഏഴ് കിലോമീറ്റർ വരെ വിസ്തൃതമായിരിക്കും.
ALSO READ : കേരളത്തില്‍ മഴ ശക്തമാകും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്