വയനാട് : പയ്യമ്പള്ളിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ വെടിവച്ചു കൊല്ലണം എന്ന ആവശ്യവുമായി മാനന്തവാടിയില്‍ വൻ പ്രതിഷേധം (Wayanad Mananthavady wild elephant attack death protest). മാനന്തവാടി നഗരത്തെ ബന്ധിപ്പിക്കുന്ന റോഡുകൾ ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന നാട്ടിലിറങ്ങിയ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും കലക്‌ടറും സംഭവ സ്ഥലത്ത് എത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി രണ്ടിന് കർണാടകയില്‍ നിന്ന് എത്തിയ തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ഒരു പകല്‍ മുഴുവൻ മാനന്തവാടി നഗരത്തെ ഭീതിയിലാക്കിയിരുന്നു.
ശേഷം അന്ന് വൈകിട്ടോടെ ആനയെ മയക്കുവെടി വച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയെങ്കിലും തണ്ണീക്കൊമ്പൻ ചരിയുകയാണ് ഉണ്ടായത്. ഇന്ന് രാവിലെയാണ് കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാന ജനവാസ മേഖലയില്‍ എത്തിയത്. ആനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47)ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത് (wild elephant attack death).
Also Read: വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന, 47കാരനെ ആക്രമിച്ചത് മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്തെത്തി
സുഹൃത്തിന്‍റെ വീടിന് മുന്നില്‍ വച്ചായിരുന്നു അജിയെ ആന ആക്രമിച്ചത്. വിടിന്‍റെ ഗേറ്റ് പൊളിച്ച് മുറ്റത്തേക്ക് കയറിയ ആന ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ നല്‍കിയ വിവരം. അജിയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.