വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് (ഒക്‌ടോബര്‍ 23) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ റോഡ് ഷോ നടക്കും. രാവിലെ 10.30 ന് കല്‍പ്പറ്റ പുതിയ ബസ്‌സ്‌റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിനിരക്കും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഏറ്റവും വലിയ റോഡ് ഷോയാക്കി ഇത് മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
റോഡ് ഷോയ്ക്ക് ശേഷം കല്‍പ്പറ്റ മഹാറാണി വസ്ത്രാലയ സ്‌ക്വയറില്‍ സജ്ജമാക്കിയ വേദിയില്‍ വെച്ച് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 12 മണിയോടെ വയനാട് കലക്‌ടറേറ്റിലെത്തിയാണ് പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.കന്നിയങ്കത്തിനായി വയനാട്ടിലെത്തുന്ന പ്രിയങ്കക്കൊപ്പം ദേശീയ, സംസ്ഥാന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ, പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസ്സന്‍, മോന്‍സ് ജോസഫ്, അബ്ബാസലി ശിഹാബ് തങ്ങള്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്ബ് തുടങ്ങിയ നിരവധി ദേശീയ, സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിമാര്‍, ഉള്‍പ്പെടെയുള്ളവരും പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായി വയനാട്ടിലെത്തും.
ഇന്നലെ രാത്രിയോടെ സുൽത്താൻ ബത്തേരിയിലെത്തിയ പ്രിയങ്ക ഗാന്ധി അപ്രതീക്ഷിത ഗൃഹ സന്ദർശനവും നടത്തിയിരുന്നു. സുൽത്താൻ ബത്തേരി കരുമാന്‍കുളം ത്രേസ്യയുടെ വീട്ടിലാണ് അപ്രതീക്ഷിതമായി പ്രിയങ്കാ ഗാന്ധി എത്തിയത്. മൈസൂരിൽ നിന്ന് ബത്തേരി സപ്‌ത ഹോട്ടലിലേക്കുള്ള യാത്രയിലാണ് പ്രിയങ്ക ത്രേസ്യയുടെ വീട്ടിലെത്തിയത്. 20 മിനുട്ടോളം അവിടെ ചിലവഴിച്ചു.