വയനാട്ടില്‍ ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് എത്തുന്നത്. ഉപതെരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയപ്പോരിന് ഒട്ടും കുറവില്ല വയനാട്ടില്‍. പുതിയ വോട്ടര്‍മാരെച്ചേര്‍ക്കലും സ്ഥലത്തില്ലാത്തവരുടെ പേര് നീക്കം ചെയ്യലുമൊക്കെ ഗൗരവമായിത്തന്നെ മൂന്ന് മുന്നണികളും ഏറ്റെടുത്ത് നടത്തി. സ്ഥാനാര്‍ഥി പര്യടനവും തെരുവ് യോഗങ്ങളും കണ്‍വെന്‍ഷനുകളുമൊക്കെയായി തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ പ്രചാരണ ഗാനങ്ങളും ഒട്ടും പുതുമ ചോരാതെ അവതരിപ്പിക്കാന്‍ മൂന്ന് മുന്നണികളും മത്സരിക്കുകയാണ്.
തെരഞ്ഞെടുപ്പാവേശം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ പ്രചാരണ ഗാനങ്ങളിലൂടെ പ്രകമ്പനം കൊള്ളിക്കുകയാണ് മുഖ്യരാഷ്ട്രീയ പാർട്ടികൾ. ഹിറ്റ് ഗാനങ്ങളുടെ പാരഡികള്‍ക്ക് തന്നെയാണ് പ്രചാരണ ഗാനങ്ങളിലും ഡിമാന്‍ഡ്. തരംഗമായ ആവേശം സിനിമയിലെ 'ഇല്ലൂമിനാറ്റി' ഗാനത്തിനാണ് പ്രചാരണ ഗാനങ്ങളില്‍ ഏറെ ജനപ്രീതി. 'നാടിന്‍ നന്മകനെ പൊന്മകനെ' എന്ന് തുടങ്ങുന്ന വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ തങ്ങള്‍ക്കിണങ്ങിയ തരത്തില്‍ മാറ്റി മറിച്ചാണ് ഓരോ മുന്നണികളും ഉപയോഗിക്കുന്നത്.
അന്തരിച്ച ഗാനരചയിതാവ് ബിആര്‍ പ്രസാദ് രചിച്ച് വിനീത് ശ്രീനിവാസനും സുജാതയും ആലപിച്ച കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ 'കസവിന്‍റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട് പെന്നിന്‍റെ കൊലുസുമിട്ടൊരു മൊഞ്ചത്തി... കൂന്താലിപ്പുഴയൊരു വമ്പത്തി' എന്ന ഗാനവും പ്രിയങ്കയ്ക്ക് വേണ്ടി യുഡിഎഫ് മൊഴി മാറ്റിയിരിക്കുന്നു.
പതിവ് പോലെ ആവേശം തിളപ്പിച്ച് നിര്‍ത്തുന്ന കവിതകളും പ്രചാരണ ഗാനങ്ങളായി വയനാട്ടിലെ വോട്ടര്‍മാരിലേക്ക് എത്തുന്നു. 40 ശതമാനത്തിലേറെ വരുന്ന ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ മാപ്പിളപ്പാട്ടുകളുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പൊലിയുന്ന ജീവനുകളും ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയും കേന്ദ്ര ഭരണത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ ഗാനങ്ങളിലുണ്ട്. വയനാട്ടിൽ ഒന്നിനൊന്ന് മികച്ച ഗാനങ്ങളാണ് യുഡിഎഫും എൽഡിഎഫും എൻഡിഎയും പുറത്തിറക്കിയിരിക്കുന്നത്. വികസനവും വളർച്ചയും മുരടിപ്പും ഒരേ പോലെ എല്ലാ ഗാനങ്ങളിലും പ്രകടമാണ്.