വയനാട്/തൃശൂർ: വയനാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി. വയനാട്ടിൽ 64.71 ശതമാനവും ചേലക്കരയിൽ 72.77 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനം കുറവ് പോളിങാണ് വയനാട് മണ്ഡലത്തിൽ ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 72.52 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. ഇത് മുന്നണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വോട്ട് ചെയ്യാൻ പലയിടങ്ങളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കുറവായിരുന്നു എന്നാണ് വിലയിരുത്തൽ. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 69.42 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത പോളിങ്. മണ്ഡലത്തിലെ 184986 വോട്ടർമാരിൽ 128430 വോട്ടറുമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവമ്പാടിയിൽ 66.39 (184808 ൽ 122705 പേർ), കൽപ്പറ്റയിൽ 65.42 (210760 ൽ 137899 പേർ), വണ്ടൂരിൽ 64.43 ( 234228 ൽ 150917 പേർ), മാനന്തവാടിയിൽ 63.89 (202930 ൽ 129662 പേർ), സുൽത്താൻ ബത്തേരിയിൽ 62.66 (227489 ൽ 142562 പേർ), നിലമ്പൂരിൽ 61.91 (226541 ൽ 140273 പേർ) എന്നിങ്ങനെയാണ് പോളിങ് നില.
വയനാട് മണ്ഡലത്തിലെ 1471742 ൽ വോട്ടർമാരിൽ 952448 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫിന്‍റെ 5 ലക്ഷം ഭൂരിപക്ഷമെന്ന പ്രതീക്ഷക്കാണ് ഇത് മങ്ങലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് എന്ന പ്രക്രിയയോട് വയനാടൻ ജനതക്കുള്ള അതൃപ്‌തി ഇതിൽ നിന്ന് വ്യക്തമാകുന്നതായും റിപ്പോർട്ടുകളുണ്ട്.
ആദിവാസി ഊരുകളിലും തോട്ടം മേഖലയിലുമൊക്കെ പോളിങ് ശതമാനം കുറവാണ്. എന്തായാലും വരും ദിവസങ്ങളിൽ വലിയ ചർച്ചകള്‍ക്ക് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചേലക്കര നിയമസഭാ മണ്ഡലത്തിൽ 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 %), 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 %) വോട്ട് ചെയ്‌തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു. 2021 ലെ തെരഞ്ഞെടുപ്പിൽ 77.45% പോളിങ് ആയിരുന്നു ചേലക്കരയിൽ രേഖപ്പെടുത്തിയത്.