വയനാട്: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. 1000ത്തിലധികം ആളുകളെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കണ്ണൂരിലെ ഡിഎസ്‌സി സെന്‍ററിലെ 122 ടിഎ ബറ്റാലിയനിൽ നിന്നുള്ള സംഘവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളാണ്.
മേപ്പാടി-ചൂരൽമല റോഡിൽ നിരീക്ഷണം നടത്തുന്നതിനും ദുരിത ബാധിത പ്രദേശങ്ങളിലെ വിഭവങ്ങളുടെ ആവശ്യകത വിലയിരുത്തുന്നതിനുമായി എംഇജി (മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പ്) & സെന്‍ററിൽ നിന്നുള്ള സംഘം ചൊവ്വാഴ്‌ച (ജൂലൈ 30) രാത്രി 7 മണിയോടെയാണ് സ്ഥലത്തെത്തിയത്.
ചൊവ്വാഴ്‌ച (ജൂലൈ 30) രാത്രി 11:00 മണിയോടെ പിഎആര്‍എ റെജിമെന്‍റ് ട്രെയിനിങ് സെന്‍റർ കമാൻഡന്‍റ് ബ്രിഗേഡിയർ അർജുൻ സീഗനും സംഘവും എത്തി. അവർ സ്ഥലത്തെക്കുറിച്ച് നിരീക്ഷണം നടത്തുകയും ഇന്ത്യൻ ആർമിയുടെ എച്ച്എഡിആർ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഒരു നിയന്ത്രണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്‌തു.
മെഡിക്കൽ ടീമുകൾ ഉൾപ്പെടെ രണ്ട് ഹ്യൂമെനിറ്റേറിയന്‍ അസിസ്റ്റന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ് (എച്ച്എഡിആർ) സംഘം തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി അവരുടെ നിയുക്ത സ്ഥലങ്ങളിലേക്കും മറ്റ് വിതരണങ്ങളള്‍ക്കായുമുള്ള നീക്കം റോഡ് വഴിയാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിൽ നിന്നും (എംഇജി) കേന്ദ്രത്തിൽ നിന്നുമുള്ള എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സും (ഇടിഎഫ്) ഇന്ന് പുലര്‍ച്ചെ സ്ഥലത്തെത്തി.
അതേസമയം ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമുള്ള ഐസിജി ദുരന്ത നിവാരണ ടീമുകളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ALSO READ: വയനാട്ടിലെ ദുരന്തം: നിലമ്പൂരിലെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി